കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അമലാ പോളിനെ മാറ്റി: പ്രിയ ആനന്ദ് പുതിയ നായിക

single-img
6 December 2017

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമല പോള്‍ ഉണ്ടാകില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. പ്രിയ ആനന്ദാകും ചിത്രത്തില്‍ നിവിന്റെ നായിക. പൃഥ്വിരാജ് ചിത്രം എസ്രയിലും പ്രിയയായിരുന്നു നായിക.

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും. കായംകുളം കൊച്ചുണ്ണിയുടെ പ്രഖ്യാപനത്തിനൊപ്പം തന്നെ നായകന്‍ നിവിന്‍ പോളിയും നായിക അമല പോളും ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ശക്തമായ കഥാപാത്രത്തെയാകും അമല അവതരിപ്പിക്കുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ അമലയുടെ കാരക്ടര്‍ സ്‌കെച്ചും പുറത്തിറക്കി. വലിയ ബജറ്റില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം മംഗലാപുരത്തും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നതിനിടെയാണ് അമല പോള്‍ ചിത്രത്തിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

എന്നാല്‍ നായികാസ്ഥാനത്ത് നിന്ന് അമല പോളിനെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല. മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അമല സ്വയം പിന്മാറിയതാണെന്നും സൂചനകളുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബിസഞ്ജയ് ടീം ഏറെ നാള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് തിരക്കഥ തയ്യാറാക്കിയത്. സണ്ണി വൈന്‍, ബാബു ആന്റണി, കന്നട നടി പ്രിയങ്ക തിമ്മേഷ് തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി കുതിരസവാരി, കളരിപയറ്റ് തുടങ്ങിയവയും നിവിന്‍ അഭ്യസിക്കുന്നുണ്ട്.