കൗമാരക്കാര്‍ അശ്ലീല സിനിമകള്‍ കാണുന്നുണ്ടോ എന്ന് എങ്ങനെ അറിയാം: ‘പോണ്‍’ കാണുന്നവര്‍ ജാഗ്രതൈ

single-img
6 December 2017

ഇന്നത്തെ കാലത്ത് മൊബൈലിലും കംബ്യൂട്ടറിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. ഇതില്‍ കൗമാരക്കാരായ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ എന്താണ് ചെയ്യുന്നതെന്ന് ഭൂരിഭാഗം രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല.

കാരണം അശ്ലീല സാഹിത്യത്തിലും സിനിമകളിലും കുട്ടികള്‍ക്ക് താത്പര്യമുണ്ടാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും താത്പര്യമില്ലാത്തവരാണ് മിക്കവരും. അതുകൊണ്ടു തന്നെ അത്തരത്തിലൊരു സംശയം നമ്മുക്കുണ്ടാവുന്നുമില്ല. എന്നാല്‍, നമ്മള്‍ ചിന്തിക്കുന്നതില്‍ നിന്നും സങ്കല്‍പിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് വാസ്തവം.

10 വയസ്സുമുതല്‍ കുട്ടികള്‍ ‘പോണ്‍’ എന്ന വാക്ക് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഓണ്‍ലൈനില്‍ നഗ്‌നചിത്രങ്ങളും അശ്ലീല സാഹിത്യവും സിനിമകളും കാണാറുള്ളതായി 32 ശതമാനം കുട്ടികളും സമ്മതിക്കുന്നതായും ആഴ്ചയിലൊരിക്കല്‍ ഇവ ആസ്വദിക്കുന്നതായും പോണോഗ്രഫി സ്റ്റാറ്റിസ്റ്റിക്‌സ്(2012), കോണ്‍വെന്റ് ഐയ്‌സ്(2015) എന്നീ പോണോഗ്രഫി സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

അതേസമയം 12 ശതമാനം മാതാപിതാക്കള്‍ക്ക് മാത്രമാണ് കുട്ടികള്‍ അശ്ലീല വീഡിയോകള്‍ കാണുന്നതായി അറിവുള്ളതെന്നും ട്രൂ റിസര്‍ച്ച് (2012), കോണ്‍വനന്റ് ഐയ്‌സ്(2015), പോണോഗ്രഫി സ്റ്റാറ്റിസ്‌ക്‌സ് പറയുന്നു. 93.2 ശതമാനം ആണ്‍കുട്ടികളും 62.1 ശതമാനം പെണ്‍കുട്ടികളും പതിനെട്ടു വയസ്സ് തികയും മുമ്പു തന്നെ അശ്ലീലദൃശ്യങ്ങള്‍ കണ്ടു തുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമപ്പെടുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.

ഇന്റര്‍നെറ്റ് ലോകത്തിലെ ഇത്തിള്‍കണ്ണികളാണ് ഇംഗ്ലീഷില്‍ പോര്‍ണോഗ്രഫി എന്നറിയപ്പെടുന്ന അശ്ലീല വീഡിയോകള്‍. കുട്ടികളുടെ അശ്ലീല സാഹിത്യത്തോടും സിനിമകളോടുമുള്ള ആഭിമുഖ്യം ലൈംഗികത എല്ലായിടത്തേക്കും വലിച്ചിഴയ്ക്കപ്പെടാന്‍ വഴിവെയ്ക്കുന്നു. ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്ന, ആകാംക്ഷനിറഞ്ഞ തലച്ചോറുള്ള ശരീരം പ്രലോഭനങ്ങളില്‍ വീഴാന്‍ തയ്യാറായാണ് നില്‍ക്കുന്നത്. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാന്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ജോലിയാണ്.

എന്നല്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. പതിനെട്ടു വയസ്സില്‍ താഴെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും അശ്ലീലസാഹിത്യത്തിലേക്കും സിനിമയിലേക്കും നയിക്കുന്നത് മാതാപിതാക്കളുടെ ഫോണിലെയോ അല്ലെങ്കില്‍ അവരുടെ സെര്‍ച്ച് ഹിസ്റ്ററിയോ ആണെന്ന് ഒരു സന്നദ്ധസംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്വന്തമായി ഫോണുള്ള, ഉറങ്ങുമ്പോഴും ഫോണ്‍ കൈവശംവയ്ക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ള കൗമാരക്കാരില്‍ പലരും രാത്രി വൈകി അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കാറുള്ളതായും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം തന്റെ കുട്ടി അശ്ലീല വീഡിയോ കാണുന്നുണ്ടോയെന്ന് അറിയാന്‍ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും ധാരണയില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം വീഡിയോ കാണുന്ന മിക്ക കുട്ടികളും വിഷാദ രോഗത്തിന് അടിമകളായിരിക്കും.

ജീവിതത്തില്‍ വെല്ലുവിളികളുണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് അതുമായി പൊരുത്തപ്പെട്ടു പോകേണ്ടതുണ്ട്. എന്നാല്‍, പലപ്പോഴും വൈകാരികമായി അവര്‍ അതിന് പ്രാപ്തരായിരിക്കില്ല. ബൗദ്ധികമായും മാനസികമായും വളര്‍ച്ച പൂര്‍ത്തിയാകാത്തതാണ് ഇതിന്റെ ഒരു കാരണം.

കൗമാരക്കാര്‍ സാധാരണയായി ഇത്തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരാറുമുണ്ട്. പലപ്പോഴും ഉത്കണ്ഠയിലും സംഭ്രമത്തിലും ആഴ്ന്നുപോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്ന ഒരു ‘ഡോപ്പമെന്‍ അഗ്‌നിപര്‍വതമാണ്’ അശ്ലീലസാഹിത്യവും സിനിമകളും എന്നുപറയാം.

തലച്ചോറിനെ പൂര്‍ണമായി കീഴ്‌പെടുത്തുകയും സുഖം തോന്നുന്ന മാനസികാവസ്ഥയിലേക്ക് നയിക്കാനും ഇവയ്ക്ക് വളരെ പെട്ടെന്ന് സാധിക്കും. മറ്റുള്ളവരില്‍നിന്ന് ഇക്കാര്യം മറച്ചുവയ്ക്കാനുള്ള ശ്രമവും മറ്റും കുട്ടികളില്‍ നാണക്കേടും ബുദ്ധിമുട്ടുകളുമുണ്ടാക്കും.

മറ്റുകാര്യങ്ങളിലെ സന്തോഷം ഇല്ലാതാക്കുകയാണ് വിഷാദംചെയ്യുന്നത്. ഇത് അശ്ലീല സാഹിത്യത്തിലേക്കും സിനിമയിലേക്കും കുട്ടികളെ വീണ്ടും ആകര്‍ഷിക്കുന്നതിന് കാരണമാവും. അശ്ലീല സാഹിത്യത്തിനും ചിത്രത്തിനും അടിമകളാകുന്നവര്‍ വീഡിയോ ഗെയിമുകള്‍ക്കും അടിമകളായിട്ടുള്ളതായി കാണാം.

കള്ളം പറയുക, മോഷ്ടിക്കുക, രഹസ്യങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ സ്വഭാവങ്ങളുള്ള കുട്ടികളും ഇത്തരം വീഡിയോകള്‍ അടിമകളാണ്. ഇത്തരം സ്വഭാവമുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മോഷണത്തിന്റെയും കള്ളങ്ങളുടെയും രഹസ്യങ്ങളുടെയും അടുത്ത സുഹൃത്താണ് നുണകള്‍. കുട്ടികള്‍ വളരെപ്പെട്ടെന്ന് കുറ്റസമ്മതം നടത്തുമെന്ന് പ്രതീക്ഷിക്കരുത്. അതിന് നിര്‍ബന്ധിക്കുകയും അരുത്. ഇത്തരം നിര്‍ബന്ധങ്ങള്‍ കുട്ടികളെ കൂടുതല്‍ രഹസ്യാത്മക സ്വഭാവത്തിലേക്ക് നയിക്കും.

അതുപോലെത്തന്നെ പെട്ടെന്ന് ആഗ്രഹസാഫല്യം ഉണ്ടാകണമെന്ന ചിന്തയും കൗമാരക്കാരില്‍ സാധാരണയായി കാണുന്ന പ്രവണതണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആനന്ദംതേടാനുള്ള പ്രവണതയില്‍നിന്ന് പിന്തിരിയാന്‍ നിങ്ങളുടെ കുട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുട്ടിക്ക് വലിയ പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുമെന്ന് മനസ്സിലാക്കണം. വിദ്യാഭ്യാസം, വീട്ടുജോലികള്‍, ഉറക്കം, ബന്ധം തുടങ്ങിയ അവശ്യകാര്യങ്ങളെ മാറ്റിവെച്ചു കൊണ്ടുള്ള സന്തോഷംതേടിയുള്ള, ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള യാത്രകള്‍ തെറ്റിലേക്കാണ് കുട്ടി നീങ്ങുന്നതെന്നതിന്റെ ലക്ഷണമാണ്.

അതേസമയം ഫില്‍റ്റര്‍ ചെയ്യാത്തതും മാതാപിതാക്കളുടെ ശ്രദ്ധ പതിയാത്തതുമായ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഉപകരണങ്ങള്‍ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കളികള്‍ സാങ്കേതികവിദ്യകള്‍ക്ക് അടിമപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടോ എന്ന ഉറപ്പു വരുത്താന്‍
ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ഉപകരണങ്ങളുടെ സെര്‍ച്ച്, ഡൗണ്‍ലോഡ് ഹിസ്റ്ററികള്‍ പരിശോധിച്ചിരിക്കുന്നത് ഉചിതമാണ്. അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് തിരഞ്ഞിട്ടുണ്ടോ എന്തെങ്കിലും കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

കടപ്പാട്: മാതൃഭൂമി