സുരേഷ് ഗോപി എംപിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

single-img
5 December 2017


തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് മൂലം 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. അതുകൂടാതെ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്.

പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍. അന്വേഷണത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് തെളിഞ്ഞു. എന്നാല്‍ വാടകചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഗോപി ഹാജരാക്കിയിരുന്നില്ല.

മാത്രമല്ല വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. എംപിയായതിനു മുന്‍പും ശേഷവുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.

പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഇതാദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

അതേസമയം, സുരേഷ് ഗോപി എംപി നികുതി വെട്ടിച്ചെങ്കില്‍ നടപടി വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി വാങ്ങിയ ആഡംബര കാര്‍ വ്യാജ വിലാസത്തിലാണോ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്, അഥവാ എംപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.