ശ്രീലങ്ക 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി: ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്: ലങ്കന്‍ താരങ്ങള്‍ക്കെതിരെ സേവാഗ്

single-img
5 December 2017

ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 373 റണ്‍സില്‍ അവസാനിച്ചു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് 17 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ അവസാന വിക്കറ്റും നഷ്ടമായി.

361 പന്തുകള്‍ നേരിട്ട് 164 റണ്‍സടിച്ച ക്യാപ്റ്റന്‍ ചണ്ഡിമലിന്റെ വിക്കറ്റാണ് അവസാനം വീണത്. ഇഷാന്ത് ശര്‍മയുടെ ബൗളില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കിയാണ് ചണ്ഡിമല്‍ മടങ്ങിയത്. മൂന്നാം ദിനം ആഞ്ചലോ മാത്യൂസുമായി ചേര്‍ന്ന് നായകന്‍ ചാണ്ഡിമല്‍ ലങ്കയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയിരുന്നു.

മാത്യൂസ് 111 റണ്‍സുമായി മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ, ആര്‍.അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ജഡേജയ്ക്കും ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോലിയുടെയും സെഞ്ച്വറിയടിച്ച വിജയുടെയും മികവില്‍ 536 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ വച്ചത്.

മറുപടി ബാറ്റിങില്‍ തുടക്കത്തില്‍ തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ലങ്കയെ നാലാം വിക്കറ്റില്‍ 256 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ആഞ്ചലേ മാത്യൂസ് ചണ്ഡിമല്‍ സഖ്യമാണ് രക്ഷിച്ചത്. എന്നാല്‍ മൂന്നാം ദിനം അവസാന മണിക്കൂറില്‍ ലങ്കന്‍ വാലറ്റനിരയെ പിഴുതെറിഞ്ഞ് ബൗളര്‍മാര്‍ മത്സരത്തില്‍ വീണ്ടും ഇന്ത്യക്ക് മേല്‍കൈ നല്‍കി.

അതേസമയം മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ ഉണ്ടായ നാടകീയ രംഗങ്ങളെ ചൊല്ലി ഇപ്പോഴും വിവാദങ്ങള്‍ ഉയരുകയാണ്. അന്തരീക്ഷത്തിലെ പുക മലിനീകരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതോടെ മത്സരം തടസ്സപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്.

ലങ്കയുടെ ഈ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറയുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‌ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ”അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.” സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു.

എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു.

ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.




https://twitter.com/84107010ghwj/status/937219887637741568

 

https://twitter.com/bahubalikabadla/status/937257945758232576