കുടിച്ചു പൂസായ ആംബുലന്‍സ് ഡ്രൈവര്‍ ഇടിച്ചു തെറിപ്പിച്ച എസ്‌ഐയുടെ നില ഇപ്പോഴും ഗുരുതരം: തിരിഞ്ഞു നോക്കാതെ മേലധികാരികള്‍

single-img
5 December 2017

തിരുവനന്തപുരം: അമിതവേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചുതെറിപ്പിച്ചതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കിളിമാനൂര്‍ എസ്‌ഐ വി ബൈജുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയ നടത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയ്ക്കും വാരിയെല്ലിനുമാണ് പരുക്ക്.

തലയ്ക്കുള്ളിലെ അമിതമായ രക്തസ്രാവം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനുശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാരും ബൈജുവിനെ സന്ദര്‍ശിക്കാന്‍ എത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ കിളിമാനൂര്‍ മുക്ക് റോഡ് കവലയില്‍ വെച്ച് അമിത വേഗത്തില്‍ വന്ന ആംബുലന്‍സ് ബിജുവിനെയും കൂടെ ഉണ്ടായിരുന്ന രണ്ടു പോലീസുകാരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് ബിജു ഡിവൈഡറിലേക്ക് തലയിടിച്ചുവീണു.

വാമനപുരം, കാരേറ്റ് ഭാഗങ്ങളില്‍ വിവിധ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് ആംബുലന്‍സ് വന്നത്. ഇക്കാര്യം നാട്ടുകാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഇതനുസരിച്ച് ആംബുലന്‍സ് പിടികൂടാനായി കാത്തുനില്‍ക്കുകയായിരുന്നു എസ്‌ഐയും സംഘവും. അതേസമയം സൈറണ്‍ മുഴക്കാതെ വന്ന ആംബുലന്‍സ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം സൈറന്‍ മുഴക്കി ആറ്റിങ്ങല്‍ ഭാഗത്തക്ക് പോയി.

തുടര്‍ന്ന് പോലീസ് സംഘം ആംബുലന്‍സിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്കാശുപത്രിയിലേതാണ് പിടിച്ചെടുത്ത ആംബുലന്‍സ്.