നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സെയ്ഫ്

single-img
5 December 2017

ബോളിവുഡ് താരങ്ങള്‍ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്നവരാണ് മാധ്യമങ്ങള്‍. താരങ്ങളുടെ സന്തോഷവും സങ്കടങ്ങളുമെല്ലാം മാധ്യമങ്ങള്‍ അതിരു വിട്ട് ആഘോഷമാക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ബോളീവുഡ് താരങ്ങളുടെ ശകാരങ്ങളും മാധ്യമങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരാറുണ്ട്.

ഇപ്പോള്‍ ബാളീവുഡ് താരം സെയ്ഫ് അലി ഖാനാണ് നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് ദേഷ്യപ്പെട്ടിരിക്കുന്നത്. ശശി കപൂറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും. എന്നാല്‍ കരീനയുടെ വാഹനത്തെ മുന്നോട്ടു കടത്തിവിടാതെ മാധ്യമങ്ങള്‍ വളഞ്ഞു.

കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകര്‍ത്തിയെടുക്കാന്‍ ക്യാമറാ ഫ്‌ലാഷുകള്‍ തുടരെത്തുടരെ മിന്നിമറിഞ്ഞു. പക്ഷെ ഇതില്‍ അസ്വസ്ഥയായ കരീന ഭര്‍ത്താവ് സെയ്ഫിനോട് പരാതിപ്പെടുകയും സെയ്ഫ് മാധ്യമങ്ങളോട് ചൂടാവുകയുമായിരുന്നു.

സെയ്ഫ് കാര്‍ മുന്നോട്ടു നീക്കാന്‍ ശ്രമിച്ചിട്ടും മാധ്യമങ്ങള്‍ തടസം സൃഷ്ടിച്ചതോടെയാണ് കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാധ്യമങ്ങളോട് ദേഷ്യപ്പെട്ടത്. ഒടുവില്‍ ഒരു വിധത്തിലാണ് സെയ്ഫ് കാര്‍ ഓടിച്ച് ശശി കപൂറിന്റെ വീട്ടിലേക്ക് എത്തിയത്.

ബോളിവുഡിന്റെ അനശ്വര നടന്‍ ശശികപൂര്‍ ഇന്നലെയാണ് അന്തരിച്ചത്. വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് അന്ധേരി കോകില ബെന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.