അരങ്ങേറ്റ മത്സരത്തില്‍ തന്നെ ധോണി ദേഷ്യപ്പെട്ടു: നിനക്ക് വിലക്ക് വരുമെന്ന് പറഞ്ഞു: ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെയുണ്ടായ സംഭവത്തെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

single-img
5 December 2017

https://www.youtube.com/watch?v=MSQl1fJD-UI

അടുത്തിടെയാണ് ധോണി ആളത്ര കൂളൊന്നുമല്ലെന്ന് ധോണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ സുരേഷ് റെയ്‌ന പറഞ്ഞത്. ഒരു പക്ഷെ ധോണി ദേഷ്യപ്പെടുന്നത് ക്യാമറകള്‍ പിടിച്ചെടുക്കാത്തതായിരിക്കാം. പരസ്യങ്ങളുടെ സമയത്ത് ക്യാമറകള്‍ മാറുമ്പോഴാണ് ധോണി പലപ്പോഴും ദേഷ്യപ്പെടാറുള്ളതെന്നായിരുന്നു റെയ്‌ന പറഞ്ഞത്.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ധോണിയുടെ ദേഷ്യം നേരിട്ട് അറിഞ്ഞയാളാണ്. അതും അരങ്ങേറ്റ മത്സരത്തില്‍ തന്നെ. ബ്രേക്ക്ഫാസ്റ്റ് വിത് ചാംപ്യന്‍സ് എന്ന ഷോയിലാണ് ധോണി തന്നെ ശകാരിച്ച സംഭവത്തെക്കുറിച്ച് പാണ്ഡ്യ പറഞ്ഞിരിക്കുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 മല്‍സരത്തിലായിരുന്നു പാണ്ഡ്യയുടെ അരങ്ങേറ്റം.

‘ആദ്യ ഓവറില്‍തന്നെ 21 റണ്‍സ് വഴങ്ങി. ജീവിതത്തിലാദ്യമായി എന്റെ മനസ്സ് മുഴുവന്‍ ബ്ലാങ്ക് ആയിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ മഹി എനിക്ക് മറ്റൊരു ഓവറിനു കൂടി അവസരം നല്‍കി.

ആദ്യ ബോളില്‍തന്നെ സിക്‌സര്‍ ഉയര്‍ന്ന് 6 റണ്‍സ് പോയി. പക്ഷേ അതു കഴിഞ്ഞപ്പോള്‍ 7-8 റണ്‍സ് മാത്രമാണ് ആ ഓവറില്‍ ഞാന്‍ വഴങ്ങിയത്. മാത്രമല്ല രണ്ടു വിക്കറ്റുകളും വീഴ്ത്തി. ക്രിസ് ലൈനിന്റെ വിക്കറ്റാണ് ആദ്യം വീഴ്ത്തിയത്. വിക്കറ്റ് വീണതും ഞാന്‍ അമിതാഹ്ലാദം കാട്ടി.

ഞാനിപ്പോഴും അത് ഓര്‍ക്കുന്നു. അപ്പോള്‍ മാഹി ദേഷ്യത്തോടെ എന്നോട് പറഞ്ഞു, നീ ഇങ്ങനെ ചെയ്താല്‍ നിനക്ക് വിലക്ക് വരികയും ടീമിന് ഒരു കളിക്കാരനെ നഷ്ടമാവുകയും ചെയ്യും. ഞങ്ങള്‍ക്കത് താല്‍പര്യമില്ല. ഞാനപ്പോള്‍ തെറ്റ് അംഗീകരിച്ച് മഹിയോട് ക്ഷമ ചോദിച്ചു.

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താക്കീത് കിട്ടിയ ആദ്യ കളിക്കാരന്‍ ഒരുപക്ഷേ ഞാനായിരിക്കും. 

നേരത്തെ ധോണിയുടെ ദേഷ്യത്തെ കുറിച്ച് പറഞ്ഞ റെയ്‌ന കളിക്കളത്തിലെ ധോണിയുടെ’കളി’കള്‍ക്ക് മറ്റൊരു ഉദാഹരണം കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ–പാകിസ്ഥാന്‍ മത്സരത്തിനിടെ ഉമര്‍ അക്മല്‍ തനിക്കെതിരെ ധോണിയോട് പരാതിപ്പെട്ടു.

എന്നാല്‍ ഉമറിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ഞാന്‍ പറഞ്ഞു. അതിനു ധോണി മറുപടി പറഞ്ഞത് അങ്ങനെ തന്നെ തുടര്‍ന്നു കൊള്ളാനായിരുന്നു. റെയ്‌ന അടിവരയിടുന്നു. കളി ജയിക്കുന്നതിന് വേണ്ടി എല്ലായ്‌പ്പോഴും മൂന്നു പ്ലാനുകളുമായിട്ടായിരിക്കും ധോണി ഗ്രൗണ്ടിലുണ്ടാകുകയെന്നും റെയ്‌ന പറഞ്ഞിരുന്നു.