ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും

single-img
5 December 2017

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സിബിഐ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തോട് തീരുമാനം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു.

രണ്ടാംപ്രതി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനു ജാമ്യം നല്‍കിയതു ചോദ്യംചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്ണുവിന്റെ അമ്മ കെ.പി.മഹിജയുടെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്.

ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. നേരത്തെ സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ലെന്നും സി.ബി.ഐയ്ക്ക് ഇപ്പോള്‍ത്തന്നെ കേസുകളുടെ ബാഹുല്യമാണെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം.

ജൂണ്‍ 15നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. സിബിഐ അന്വേഷണത്തില്‍ സന്തോഷമെന്ന് അച്ഛന്‍ അശോകന്‍ അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന അമ്മ മഹിജയും പ്രതികരിച്ചു.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ 2016 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.