ശ്രീലങ്കയ്ക്ക് മുന്നില്‍ പടുകൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ ഡിക്ലയര്‍ ചെയ്തു: തകര്‍ത്തടിച്ച് പൂജാര, ധവാന്‍, കോഹ്ലി

single-img
5 December 2017

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. മുരളി വിജയ് (12 പന്തില്‍ ഒന്‍പത്), ശിഖര്‍ ധവാന്‍ (91 പന്തില്‍ 67), അജിങ്ക്യ രഹാനെ (37 പന്തില്‍ 10), ചേതേശ്വര്‍ പൂജാര (66 പന്തില്‍ 49), വിരാട് കോഹ്‌ലി (58 പന്തില്‍ 50), രോഹിത് ശര്‍മ(പുറത്താകാതെ 49 പന്തില്‍ 50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

നാളെ ഒരു ദിവസം മാത്രം ശേഷിക്കുന്ന ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ലങ്ക പൊരുതേണ്ടി വരും. നേരത്തെ, ഒന്‍പതിന് 356 റണ്‍സെന്ന നിലയില്‍ നാലാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. ടെസ്റ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ഇന്ന് പുറത്തായത്. 361 പന്തില്‍ 21 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 164 റണ്‍സെടുത്ത ചണ്ഡിമലിനെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. 20 പന്തുകള്‍ നേരിട്ട സന്ദാകന്‍ അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു.

അതേസമയം നാലാം ദിനത്തിലും മാസ്‌ക് ധരിച്ചാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. ലങ്കന്‍ പടയില്‍ നിന്നും സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ചര്‍ദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ ലങ്കക്ക് വേണ്ടി 164 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമല്‍ ബാറ്റ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെങ്കിലും ഫീല്‍ഡിങ്ങിന് മാസ്‌കണിഞ്ഞാണ് എത്തിയത്. വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലയാണ് ഇത് വരെ മലിനീകരണം പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കാത്ത ലങ്കന്‍ താരം.



അതേസമയം മത്സരം ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുന്ന സ്ഥിതിയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ബോധപൂര്‍വ്വം കളി വൈകിപ്പിക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനാല്‍ കളി പല തവണ തടസ്സപ്പെട്ടിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

ലങ്കയുടെ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‌ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ‘അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.’ സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു.

എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു.

ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.