ഹാജിമാരെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശ: ടിക്കറ്റ് നിരക്ക് 14000 രൂപയോളം കുത്തനെ കൂട്ടി

single-img
5 December 2017

കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ അടുത്ത വര്‍ഷം ഹജ്ജിന് പോകണമെങ്കില്‍ വിമാന ടിക്കറ്റിന് മാത്രം 76,372 രൂപ നല്‍കണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14310 രൂപയാണ് അധികം നല്‍കേണ്ടത്. കേരള ഹാജിമാര്‍ കഴിഞ്ഞ വര്‍ഷം വിമാനത്തിന് നല്‍കിയത് 62,062 രൂപയാണ്.

2016ല്‍ 45,000 രൂപയും 2015ല്‍ 42,020, 2013ല്‍ 28,000 രൂപയുമായിരുന്നു ഇത്. അഞ്ചു വര്‍ഷത്തിനിടെ ഹജ്ജ് വിമാന നിരക്കിലുണ്ടായ വര്‍ധന മൂന്ന് മടങ്ങോളം വരും. ഇതേ റൂട്ടില്‍ ഓഫ് സീസണില്‍ 18,000 രൂപയും സീസണില്‍ 35,000 രൂപ വരെയുമാണ് സാധാരണ നിരക്ക് ഉണ്ടാവാറ്.

കേരള തീര്‍ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നാണ് ഇത്തവണയും വിമാനം. കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ എംബാര്‍ക്കേഷന്‍ പോയന്റ് ലോഗ് ചെയ്താല്‍ 76,372 രൂപ അടക്കാന്‍ തയാറാണെന്ന് സാക്ഷ്യപ്പെടുത്തിയാലേ തുടര്‍ന്ന് അപേക്ഷ പൂരിപ്പിക്കാന്‍ കഴിയൂ.

ചാര്‍ട്ടര്‍ ചെയ്ത ഹജ്ജ് വിമാനങ്ങള്‍ ഒരു സീറ്റുപോലും ഒഴിവില്ലാതെ സര്‍വിസ് നടത്തുമ്പോഴാണ് ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. മറ്റ് അന്താരാഷ്ട്ര വിമാനങ്ങള്‍ പകുതിയോളം സീറ്റുകള്‍ കാലിയായി സര്‍വിസ് നടത്തുമ്പോഴും ഉയര്‍ന്ന ഇളവുകള്‍ പ്രഖ്യാപിച്ചാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

ഇത്തവണ ജൂണ്‍ജൂലൈ മാസങ്ങളിലാണ് ഹജ്ജ് വിമാന സര്‍വിസ് ഉണ്ടാവുക. ഈ സമയം ഓഫ് സീസണായതിനാല്‍ എല്ലാ സെക്ടറുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഇടിയുന്ന സമയവും കൂടിയാണ്. എന്നാല്‍, ഹാജിമാരെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇതൊന്നും തടസ്സമല്ല. കേന്ദ്ര സര്‍ക്കാറാവെട്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

രാജ്യത്തെ ഹജ്ജ് വിമാന സര്‍വീസ് നടത്തുന്ന 21 നഗരങ്ങളില്‍ നിന്നും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നേരത്തെ എല്ലായിടത്തുനിന്നും ഒരേ നിരക്കായിരുന്നു. ഇത്തവണ മംഗളൂരുവില്‍നിന്ന് 1,05,356 രൂപയും മുംബൈയില്‍നിന്ന് 58,254 രൂപയുമാണ് വിമാനനിരക്ക് . ശ്രീനഗറില്‍നിന്നാണെങ്കില്‍ 1,09,692 രൂപ നല്‍കണം.