ഗെയിലിന്റെ കുറ്റി തെറിപ്പിച്ചപ്പോള്‍ എല്ലാരും ചോദിച്ചു ആരെടാ ഇവന്‍?: പിന്നീട് കോഹ്‌ലിയും ധോണിയും അംലയും: ഒടുവില്‍ ബേസില്‍ ഇന്ത്യന്‍ ടീമില്‍; കുറേ സ്വപ്‌നങ്ങളുമായി…

single-img
5 December 2017

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നു. ശ്രീലങ്കക്കെതിരായ ട്വന്റി 20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.

സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്റെ ഓള്‍റൗണ്ട് മികവാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചത്. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.

അതേ വേഗത്തിനും കൃത്യതയ്ക്കും മുന്‍പില്‍ വിരാട് കോഹ്‌ലിയും ഹാഷിം അംലയുടെയും ധോണിയും വീണതോടെ ബേസിലിന്റെ മികവിന് മൂല്യമേറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തും പ്രശംസിച്ചിരുന്നു.

ഐപിഎല്ലില്‍ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടി ശ്രദ്ധേയനായ ബേസില്‍ ഇതാ ഏഴു മാസത്തിനകം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതിലും തള്ളിത്തുറന്നു കയറുന്നു. ”140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന പേസര്‍മാര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. പക്ഷേ ഓരോവരില്‍ ആറു വ്യത്യസ്ത ബോളെറിയുന്ന് ഫാസ്റ്റ് ബോളര്‍മാര്‍ കുറവാണ്”. ഐപിഎല്ലിനിടെ ബേസിലിനെക്കുറിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന പറഞ്ഞതിങ്ങനെ.

ഐപിഎല്ലിനു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാംപില്‍ സീനിയര്‍ താരങ്ങള്‍ക്ക് പന്തെറിയാന്‍ ബേസിലിനെ തിരഞ്ഞെടുത്തിരുന്നു. ആഭ്യന്തര സീസണിലെ മികച്ച പേസര്‍മാരിലൊരാളായാണ് ബേസില്‍ തിരഞ്ഞെടുക്കപ്പെട്ടത്, വേഗവും കൃത്യതയും പുലര്‍ത്തുന്ന ബോളിങ് അന്നുമുതലാണ് ദേശീയ ശ്രദ്ധ നേടിത്തുടങ്ങിയത്.

140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുമ്പോഴും യോര്‍ക്കറുകളും ബോളുകളും സ്ലോബോളുകളുമെല്ലാം മാറി മാറി പരീക്ഷിക്കാന്‍ ബേസിലിനാകുന്നു. ഏതു സമ്മര്‍ദഘട്ടത്തിലും മൈതാനത്ത് കൂളായി നില്‍ക്കാനാകുന്നു. ഇത്തരത്തിലുള്ള യുവപേസര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ അധികമില്ല.

ബാറ്റിങ് പ്രഹരത്തിനിടയിലും താളം നഷ്ടപ്പെടാതെ തിരിച്ചെത്താനാകുന്നുവെന്നതാണ് ബേസിലിന്റെ മറ്റൊരു സവിശേഷത. ഐപിഎല്ലിനിടയിലും ഈ മികവ് പ്രകടനമായിരുന്നു. ഹരിയാനയ്‌ക്കെതിരായ രഞ്ജി ട്രോഫിയില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങി അര്‍ധ സെഞ്ചുറി നേടിയ ബേസില്‍, ബാറ്റിങ്ങിലും മികവുകാട്ടിനില്‍ക്കുന്ന സമയമാണിത്. മിന്നുന്ന ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ സിലക്ഷന്‍ കിട്ടിയത് ഭാഗ്യമായി.

ബേസില്‍ തമ്പി മനസ്സുതുറക്കുന്നു

‘ഇന്ത്യന്‍ ടീം ജഴ്‌സിയണിഞ്ഞ് ടീമിനൊപ്പം ഞാന്‍ ദേശീയ ഗാനത്തിനായി ഗ്രൗണ്ടില്‍ നില്‍ക്കുന്നതു കാണണമെന്നാണ് എന്റെ പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. ധോണി ഭായിക്കൊപ്പം ഒരു തവണ ഡ്രസിങ് റൂം പങ്കിടാനെങ്കിലും കഴിയണേ എന്നതായിരുന്നു എന്റെ സ്വപ്‌നം.

അത്രക്ക് ആരാധനയാണെനിക്ക്. പക്ഷേ ഇതുവരെ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ ഈ സ്വപ്നങ്ങള്‍ക്കരികിലെത്തുന്നു. ദൈവത്തിനും പിന്തുണച്ചവര്‍ക്കും നന്ദി ‘ സൂറത്തില്‍ കേരള രഞ്ജി ടീം ക്യാംപിലുള്ള ബേസില്‍ തമ്പി മനോരയോട് ഇക്കാര്യങ്ങല്‍ പറഞ്ഞത്.

” കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം തോന്നി. ഇപ്പോള്‍ അവസരം കൈവന്നത് തീര്‍ത്തും അപ്രതീക്ഷിതം . ടീം ക്യാംപില്‍ വര്‍ക്ക് ഔട്ടിന്റെ ഭാഗമായി ഹോട്ടലിലെ പൂളില്‍ നീന്തുന്നതിനിടെ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് വിളിച്ചു പറയുമ്പോഴാണ് വിവരം അറിയുന്നത്. ക്യാംപിലും അത് ആഘോഷമായി ” .