‘രക്ഷപ്പെട്ടെന്ന് കരുതണ്ട, ദുബായിലും ഞങ്ങളുടെ ആളുണ്ടെന്ന്’ പറഞ്ഞ മാധ്യമ പ്രവര്‍ത്തകന് ദിലീപ് ചുട്ട മറുപടി നല്‍കിയോ?: സത്യം ഇതാണ്

single-img
5 December 2017

മാധ്യമ പ്രവര്‍ത്തകന് ദിലീപിന്റെ ചുട്ടമറുപടി എന്ന രീതിയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്.

മകളേയും കാവ്യമാധവനെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് ഞങ്ങള്‍ക്കറിയാം, രക്ഷപ്പെട്ടെന്ന് കരുതണ്ട ദുബായിലും ഞങ്ങളുടെ ആളുണ്ട് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ദിലീപ്. എല്ലാ വിഷയങ്ങളും ഓവറാക്കുന്ന ചാനലുകളിലേതടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടന്‍ ദിലീപിന് കടുത്ത അവജ്ഞതയാണ്.

തന്നെ ക്രൂരമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് ഇപ്പോള്‍ തയ്യാറല്ല. അതിനിടയിലാണ് ദേപുട്ടിന്റെ ഉദ്ഘാടനത്തിനായി പോകുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യമാണ് ദിലീപിനെ ചൊടിപ്പിച്ചത്. അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്.

പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട.

ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെയാണ് അമ്മയുടെ കൈയ്യും പിടിച്ച് ദിലീപ് എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു പോയത് .

 

എന്നാല്‍ ഈ ഒരു വാര്‍ത്ത തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അവിടെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ദൃക്‌സാക്ഷിയായ മനോരമ ന്യൂസിന്റെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ആശാ ജാവേദ് പറയുന്നു. എയര്‍പോര്‍ട്ടില്‍ നടന്നത് ആശ വിശദീകരിക്കുന്നത് ഇങ്ങനെ:

‘ദിലീപ് വൈകിയാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം അമ്മയും രണ്ടു സഹായികളും കൂടെയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരായി ഞാനും മറ്റൊരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേസ് കോടതിയിലായതിനാല്‍ നടനോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല.

അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്‍പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. അതല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നതൊക്കെ തീര്‍ത്തും തെറ്റായ കാര്യമാണ്. ‘

കടപ്പാട്: മനോരമന്യൂസ്