ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു: കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നായിരിക്കാമെന്ന് പൊലീസ്

single-img
5 December 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതി ഫയലില്‍ സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തി നല്‍കിയശേഷം ഇന്നാണ് കുറ്റപത്രം സ്വീകരിച്ചത്. കേസിലെ അനുബന്ധകുറ്റപത്രമാണ് ഇപ്പോള്‍ കോടതി സ്വീകരിച്ചിരിക്കുന്നത്.

കേസിലെ ആകെയുള്ള പന്ത്രണ്ട് പ്രതികളില്‍ രണ്ട് പേര്‍ മാപ്പ് സാക്ഷികളായിട്ടുണ്ട്. ബാക്കിയുള്ള പത്ത് പ്രതികള്‍ക്ക് ഇനി സമന്‍സ് അയയ്ക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുക എന്നതാണ് അടുത്ത നടപടി. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നതിനാലാണിത്.

പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമതീരുമാനം എടുക്കുക.

കഴിഞ്ഞമാസം 22നാണ് കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം, വസ്തുതാവിവരണം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, സാക്ഷിപ്പട്ടിക, തൊണ്ടിപ്പട്ടിക, രേഖകള്‍ എന്നിവ സഹിതം 1452 പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് സമര്‍പ്പിച്ചത്.

215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. കേസിലെ സാക്ഷികളില്‍ 50 പേര്‍ സിനിമാരംഗത്തുള്ളവരാണ്.
അതേസമയം കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

കുറ്റപത്രത്തിലെ വിവരങ്ങള്‍ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് തനിക്കെതിരായ ഗൂഢനീക്കമാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.അതേസമയം കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നായിരിക്കാമെന്നാണ് പൊലീസ് കോടതിയില്‍ പറയുന്നത്. ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും പൊലീസ് പറയുന്നു.

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്നും നടിയോട് ദിലീപിന് അടങ്ങാത്ത പക ഉണ്ടായിരുന്നതായുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.