ഡിസംബര്‍ 13ന് ധോണി വിരമിക്കും: ഹെഡിംഗ് മാത്രം കണ്ട് വാര്‍ത്ത ഷെയര്‍ ചെയ്ത ആരാധകരെല്ലാം നാണംകെട്ടു

single-img
5 December 2017

കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങളില്‍ ധോണി വിരമിക്കുകയാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ പഞ്ചാബിലെ മൊഹാലിയില്‍ ഡിസംബര്‍ 13നു നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നായിരുന്നു വാര്‍ത്ത.

അടുത്ത ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് കണക്കുകൂട്ടിയ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഈ വാര്‍ത്ത. വാര്‍ത്ത കണ്ടപാടേ ഇത് വായിച്ചുനോക്കാതെ ആളുകള്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. പിന്നീടാണ് ആരാധകര്‍ക്ക് അമളി മനസ്സിലായത്.

ധോണി വിരമിക്കുന്നുവെന്ന വാര്‍ത്ത സത്യമായിരുന്നു. പക്ഷേ ആ ധോണി എംഎസ് ധോണിയല്ലെന്നതാണ് യാഥാര്‍ഥ്യം. മൊഹാലി പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്.

ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തില്‍ കൂടി ധോണിയുടെ സേവനം പോലീസ് ഉപയോഗിക്കും. തുടര്‍ന്ന് ഇവനെ ഒഴിവാക്കാനാണ് മൊഹാലി പോലീസ് തിരുമാനിച്ചിരിക്കുന്നത്.

മൂന്നു വയസ്സ് മുതല്‍ മൊഹാലി പോലീസിനായി ജോലി ചെയ്തു വരികയായിരുന്നു ധോണി. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധോണി പോലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്. എന്തായാലും ഈ വാര്‍ത്ത വായിച്ചുനോക്കാതെ കമന്റ് ചെയ്തവരെല്ലാം നാണംകെട്ടിരിക്കുകയാണ്.