തുടക്കത്തില്‍ പതറിയ ശ്രീലങ്ക തിരിച്ചടിച്ചു; ഫോളോഓണ്‍ ഒഴിവാക്കി; ചാണ്ഡിമലിനും മാത്യൂസിനും സെഞ്ചുറി

single-img
4 December 2017


ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ലങ്ക 356/9 എന്ന നിലയിലാണ്. ചണ്ഡിമല്‍ 147 റണ്‍സോടെയും സന്ദാകന്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ട്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 180 റണ്‍സ് പിന്നിലാണ് ശ്രീലങ്ക.

ഇന്ത്യയ്ക്കായി അശ്വന്‍ മൂന്നും ഇഷാന്ത് ശര്‍മ, ഷാമി, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ശ്രീലങ്ക 27 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്.

തകര്‍പ്പന്‍ സെഞ്ചുറികളോടെ മൂന്നാം ദിനം ഇന്ത്യന്‍ ബോളര്‍മാരെ കണക്കിനു ശിക്ഷിച്ച ചണ്ഡിമല്‍–മാത്യൂസ് സഖ്യമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എട്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച മാത്യൂസും പത്താം സെഞ്ചുറി കണ്ടെത്തിയ ചണ്ഡിമലും അനായാസം റണ്‍സ് കണ്ടെത്തി.

131/3 എന്ന നിലയിലാണ് ലങ്ക മൂന്നാം ദിനം തുടങ്ങിയത്. ഉച്ചഭക്ഷണം വരെ മാത്യൂസ് ചാണ്ഡിമല്‍ സഖ്യം വിക്കറ്റ് പോകാതെ കാത്തു. ഇതിനിടെ മാത്യൂസ് സെഞ്ചുറിയും കടന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ലങ്കയ്ക്ക് പിടിവള്ളിയായി.

മാത്യൂസ് പുറത്തായതിന് പിന്നാലെ എത്തിയ സമരവിക്രമ 33 റണ്‍സുമായി ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ സ്‌കോര്‍ 317ല്‍ സമരവിക്രമ വീണു. പിന്നാലെ ലങ്കന്‍ വാലറ്റം തകര്‍ന്നടിഞ്ഞെങ്കിലും നായകന്‍ ഒരറ്റത്ത് വീഴാതെ നിന്നു. 18 ഫോറും ഒരു സിക്‌സും പറത്തിയാണ് ചാണ്ഡിമല്‍ 147ല്‍ എത്തിയത്.