‘കോഹ്‌ലി ഡബിള്‍ അടിക്കുന്നത് തമാശയ്ക്ക് വേണ്ടി’: സേവാഗ് കോഹ്ലിയെക്കുറിച്ച് പറഞ്ഞ രസകരമായ ചില കാര്യങ്ങള്‍

single-img
4 December 2017

ജയിക്കാനായി ജനിച്ചവന്‍. ആക്രമണോത്സുകതയുള്ള സാങ്കേതികത്തികവുള്ള കളിക്കാരനാണ് കോഹ്ലി. നെഞ്ചുവിരിച്ച് നിന്നാണ് കോഹ്ലി പന്തുകളെ നേരിടുന്നത്. ബാറ്റില്‍ കൈപിടിക്കുന്നതും പാദചലനങ്ങളും മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

മിഡ് വിക്കറ്റിലും കവറിലും നന്നായി കളിക്കുന്ന താരം. ഫ്‌ലിക്ക് ഷോട്ടുകള്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പോകുന്നതിന്റെ ഒഴുക്ക് ഒന്നുവേറെ തന്നെയാണ്. കോഹ്ലി ഏറ്റവും മനോഹരമായി ബാറ്റുചെയ്യുന്നത് സ്‌കോര്‍ പിന്തുടരുമ്പോഴും സമ്മര്‍ദഘട്ടങ്ങളിലും ആണെന്ന് പറയാം.

ഇപ്പോഴിതാ തുടര്‍ച്ചയായ ഒന്‍പത് പരമ്പര ജയങ്ങള്‍ എന്ന നേട്ടത്തിനരികെ. ഡല്‍ഹിയില്‍ ശ്രീലങ്കയെ തോല്‍പിച്ച് ആധികാരികമായി വിജയം നേടാനാണ് കോഹ്ലി എന്ന ക്യാപ്റ്റന്‍ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മല്‍സരം തോല്‍ക്കാതിരുന്നാല്‍ മതി ഇന്ത്യയ്ക്ക് റെക്കോര്‍ഡിലെത്താന്‍.

അതേസമയം തുടര്‍ച്ചയായി രണ്ടാമത്തെയും കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്‌ലി ഫിറോസ്ഷാ കോട്‌ലയില്‍ ഇന്നലെ സ്വന്തമാക്കിയത്. ഡബിള്‍ സെഞ്ചുറിയില്‍ റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ നായകന് ക്രിക്കറ്റ് ലോകത്ത് നിന്ന് ആശംസകളുടെ പ്രവാഹമാണ്.

മുന്‍ താരങ്ങളായ സെവാഗും ലക്ഷ്മണനും സീനിയര്‍ താരം ഹര്‍ഭജന്‍ സിങ്ങുമെല്ലാം കോഹ്‌ലിയ്ക്ക് ആസംസകളുമായി രംഗത്തെത്തിക്കഴിഞ്ഞു. തന്റെ തനതു ശൈലിയില്‍ തമാശ രൂപേണയായിരുന്നു സെവാഗിന്റെ ആശംസ. കോഹ്‌ലി ഡബിള്‍ അടിക്കുന്നത് തമാശയ്ക്ക് വേണ്ടിയാണെന്നാണ് താരം പറയുന്നത്.

‘ഇതുപോലെ തമാശയ്ക്കാണ് കോഹ്‌ലി ഡബിള്‍ സെഞ്ചുറിയടിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കോഹ്‌ലി ഇരട്ട സെഞ്ചുറി നേടി, എന്നിട്ട് സഹീര്‍ ഖാന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മതി മറന്ന് ഡാന്‍സ് ചെയ്തു. വീണ്ടും തിരിച്ചു വന്ന് വീണ്ടും ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുന്നു’ സെവാഗ് പറഞ്ഞു.

സ്റ്റാര്‍സ്‌പോര്‍ട്‌സിനായി കമന്ററിക്കിടെയായിരുന്നു സെവാഗിന്റെ വാക്കുകള്‍. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനും, സെവാഗിനും ഒപ്പമെത്തി നില്‍ക്കുകയാണ് കോഹ്‌ലി. ഇന്ത്യന്‍ നായക സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു.