സംസ്ഥാന മന്ത്രിമാര്‍ക്ക് നേരെ പൂന്തുറയില്‍ പ്രതിഷേധം: തമിഴില്‍ സംസാരിച്ച് രംഗം ശാന്തമാക്കി പ്രതിരോധമന്ത്രി; വികാരപരമായി പെരുമാറരുതെന്ന് കൂപ്പുകൈയോടെ കേന്ദ്രമന്ത്രി

single-img
4 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലങ്ങളില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രിമാര്‍ തിരിച്ചുപോകണമെന്നാണ് ഇവരുടെ ആവശ്യം. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഇതിനെ തമിഴില്‍ സംസാരിച്ച് കൊണ്ടാണ് നിര്‍മലാ സീതാരാമന്‍ നേരിട്ടത്.

വികാരപരമായി പെരുമാറരുതെന്ന് കൂപ്പുകൈയോടെ കേന്ദ്രമന്ത്രി അപേക്ഷിച്ചു. എല്ലാവരുടേയും പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും സാധ്യമായതെല്ലാം ചെയ്യാമെന്നും അവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് താന്‍ കേട്ടെന്നും ഇനി താന്‍ പറയുന്നത് അവര്‍ കേള്‍ക്കണമെന്നും പറഞ്ഞ് കൊണ്ടായിരുന്നു മന്ത്രി സംസാരിച്ച് തുടങ്ങിയത്.

ദുരന്തമുണ്ടായപ്പോള്‍ തന്നെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 408 പേരെ ഇതുവരെ ജീവനോടെ തിരിച്ചെത്തിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകരേയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്.

മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും വേണ്ട. രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. യുദ്ധ സമാനമായ തിരച്ചിലാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. ഇനി തിരച്ചില്‍ സംഘങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. അതു കൊണ്ടു തന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.