മലയാള മനോരമയുടെ വാര്‍ത്തയെ പൊളിച്ചടുക്കി ദേശാഭിമാനി

single-img
4 December 2017

തിരുവനന്തപുരം: കേരളത്തെ ദുരിതക്കണ്ണീരില്‍ മുക്കിയ ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന മലയാള മനോരമയുടെ വാര്‍ത്തയെ പൊളിച്ചടുക്കി ദേശാഭിമാനി. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരുവിഭാഗം ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും നടത്തുന്ന നുണക്കഥകള്‍ക്ക് മറുപടി നല്‍കുന്നതാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്.

നവംബര്‍ 30ന് ഇറങ്ങിയ മലയാള മനോരമയില്‍ തന്നെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെന്ന് ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നു. പത്രത്തിന്റെ പതിനഞ്ചാം പേജില്‍ ചെറിയ കോളത്തില്‍ അത്രപ്രാധാന്യമില്ലാതെയാണ് മനോരമ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇതേ മനോരമ തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് രണ്ടുദിവസത്തിനു ശേഷം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയിരിക്കുന്നതെന്നാണ് ദേശാഭിമാനയുടെ റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടിനാണ് ‘കേരള സര്‍ക്കാര്‍ ഉണരാന്‍ വൈകി; ഓഖി ഉറഞ്ഞുതുള്ളി’ എന്ന തലക്കെട്ടോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ വൈകിയെന്ന വാര്‍ത്ത മനോരമ നല്‍കിയത്.

ഇതില്‍ നവംബര്‍ 29ന് ഉച്ച 2.30 ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ ഹംപന്‍തൊട്ട തീരത്ത് ന്യൂനമര്‍ദം ഉണ്ടായെന്നും കന്യാകുമാരിയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ കേരളതീരത്ത് 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും പറയുന്നു. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വ്യക്തമാക്കുന്നുണ്ട്.

നവംബര്‍ 30ന് മനേരമ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പുലര്‍ച്ചെ 1.30 കാറ്റ് 65 കിലോമീറ്റര്‍ വേഗത്തില്‍ എത്തും. ന്യൂനമര്‍ദം കന്യാകുമാരിയില്‍നിന്ന് 270 കിലോമീറ്റര്‍ തെക്കുകിഴക്കാണെന്നും കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ലെന്നുമാണ്. മുപ്പതിന് രാവിലെ 8.00 ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കന്യാകുമാരിയിലേക്ക് നീങ്ങുന്നെന്നും ലക്ഷദ്വീപിന് ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ന്യൂനമര്‍ദ പാതയും ദിശയും ശ്രീലങ്കയ്ക്ക് 170 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗത്താണെന്നും കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകളില്‍ ഒരിടത്തും അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പോ മറ്റു ദുരന്തസാധ്യത മുന്നറിയിപ്പോ ഇല്ല. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് ലഭിച്ച മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറിയെന്ന് മനോരമത്തന്നെ പറയുമ്പോള്‍ 29 ന് കേന്ദ്ര കാലാവസ്ഥവിഭാഗം ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഇതോടെ മനസ്സിലാക്കാം.

ഇത്തരം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അത് എല്ലാ മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കുമായിരുന്നു. അതുണ്ടായില്ലെന്നും 28നും 29നും ശ്രീലങ്കയ്ക്ക് തെക്ക് അകലെ നിലകൊള്ളുന്ന ന്യൂനമര്‍ദത്തെപ്പറ്റിമാത്രമാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ അറിയിപ്പുണ്ടായിരുന്നതെന്നും മനേരമനല്‍കിയ വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ദേശാഭിമാനി വിശദീകരുക്കുന്നു.

എന്നാല്‍ ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ജാഗ്രതാസന്ദേശം നല്‍കാനോ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് ഇത്രയും മത്സ്യത്തൊഴിലാളികളുടെ ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നായിരുന്നു മനേരമയുടെ റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ച് വിലപ്പെട്ട നാലുമണിക്കൂറെങ്കിലും സര്‍ക്കാര്‍ പാഴാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചില്ലെന്ന സാങ്കേതിക ന്യായത്തില്‍ സര്‍ക്കാരിനു പിടിച്ചുതൂങ്ങാമെങ്കിലും അനാസ്ഥ പ്രകടമാണെന്നുമായിരുന്നു മനോരമയുള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

അതേസമയം മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തന്നെ പറയുന്ന നാല് അറിയിപ്പുകളും മതി സംസ്ഥാന സര്‍ക്കാരിന് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ നിരീക്ഷണവിഭാഗത്തില്‍നിന്നോ മറ്റ് സംവിധാനങ്ങളില്‍നിന്നോ ലഭിച്ചിട്ടില്ലെന്ന് മനസിലാക്കാന്‍.

കൂടാതെ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് അതത് സമയംതന്നെ ഫിഷറീസ്വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഈ വാര്‍ത്തകളില്‍ നിന്നും വ്യക്തമാണെന്നും ദേശാഭിമാനി പറയുന്നു. അതേസമയം കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് പതിവുപോലെ മൊബൈല്‍സന്ദേശം വഴിയും തക്കസമയത്ത് കൈമാറി. ആരും സ്വപ്നംപോലും കാണാത്ത ഓഖി ചുഴലിക്കാറ്റ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ കാണണമെന്ന വിചിത്രവാദമാണ് മനോരമയടക്കമുള്ള മാധ്യമങ്ങളുടേത്.

നവംബര്‍ 30ന് പുലര്‍ച്ചെ നല്‍കിയതായി മനോരമ പറയുന്ന അറിയിപ്പില്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പില്ലെന്ന് പ്രത്യേകം വ്യക്തമാക്കുന്നു. 30ന് രാവിലെ എട്ടിനുള്ള അറിയിപ്പിലാകട്ടെ, ലക്ഷദ്വീപിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്നുമാത്രമാണ്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി കന്യാകുമാരിയിലേക്ക് നീങ്ങുന്നുവെന്ന് പറയുന്ന ആ അറിയിപ്പില്‍ ന്യൂനമര്‍ദ പാതയും ദിശയും 170 കിലോമീറ്റര്‍ വേഗത്തില്‍ ‘തെക്കുകിഴക്ക്’ ഭാഗത്ത് എന്നും വ്യക്തമാക്കുന്നുണ്ട്. തെക്കുകിഴക്ക് എന്നത് കന്യാകുമാരിയില്‍നിന്ന് കിഴക്കോട്ടാണെന്നും കേരളതീരവും അറബിക്കടലും തെക്കുപടിഞ്ഞാറാണെന്നും മനോരമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കും അറിയാത്തതല്ലെന്നും ദേശാഭിമാനി പരിഹാസിക്കുന്നു.

അതേസമയം മുപ്പതിന് ഉച്ചയ്ക്ക് 12.30നുമാത്രമാണ് ചുഴലിക്കാറ്റ് അറിയിപ്പ് ലഭിച്ചത്. അറിയിപ്പ് ലഭിച്ച് നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിക്കുകയും മുന്‍കരുതല്‍ നടപടികള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുകും ചെയ്തിരുന്നു. ഇതിനൊപ്പംതന്നെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നല്‍കുന്നുണ്ടായിരുന്നു. കടലില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യത്തിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇത് ലഭിച്ചയുടന്‍തന്നെ സേനാവിഭാഗങ്ങള്‍ സുസജ്ജമായി രംഗത്തെത്തിയിരുന്നു. കപ്പല്‍ച്ചാല്‍വഴി പോകുന്ന വിദേശകപ്പലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളെല്ലാം ഏകോപനം ഉറപ്പാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിഅമ്മ, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അതേസമയം ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ മൃത്യുഞ്ജയ് മോഹപത്രയും വ്യക്തമാക്കിയിരുന്നു.

എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചാണ് ദുരന്തമുഖത്ത് രാഷ്ട്രീയനേട്ടം കൊയ്യാന്‍ മനോരമയുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളുമായി രംഗത്തെത്തിയതെന്നാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.