ആദ്യ ഗോള്‍ പിറന്നിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് ‘ശാപം വിട്ടൊഴിഞ്ഞില്ല’

single-img
4 December 2017

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക് വിട്ടൊഴിയുന്നില്ല. തുടര്‍ച്ചയായ മൂന്നാം സമനിലയില്‍ നിന്ന് വെറും മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍. കഴിഞ്ഞ രണ്ടു കളികളില്‍ കണ്ടപോലെയായിരുന്നില്ല ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി.

പക്ഷേ ജയിക്കാമായിരുന്ന കളി, അതും സ്വന്തം തട്ടകത്തില്‍ സമനിലയായിപ്പോയി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ക്ലിനിക്കല്‍ മികവുള്ള ഒന്നായിരുന്നു. വലതുവിങ്ങില്‍ നിന്നും മലയാളി റിനോ ആന്റോ നല്‍കിയ പാസാണ് ഗോളായി മാറിയത്. ഉയര്‍ന്നു വന്ന പന്ത് നിലം തൊടും മുമ്പേ ബോക്‌സിനുള്ളിലെ ക്ലിനിക്കല്‍ ഫിനിഷിംങിലൂടെ സിഫ്‌നിയോസ് വല ചലിപ്പിച്ചു.

മുംബൈ ഗോളി അമരീന്ദറിനെ കാഴ്ച്ചക്കാരനാക്കിക്കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോള്‍. പതിനാലാം മിനിറ്റിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയതെങ്കില്‍ എഴുപത്തിയേഴാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങാണ് മുംബൈയെ ഒപ്പമെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടുന്നതും ഗോള്‍ വഴങ്ങുന്നതും. പകുതിസമയത്ത് ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

ഫോം കണ്ടെത്തി ആക്രമണത്തിന് ചുക്കാന്‍പിടിച്ച സി.കെ.വിനീത് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് കേരളത്തിന് ഇരട്ട പ്രഹരമായി. എണ്‍പത്തിയൊന്‍പതാം മിനിറ്റിലാണ് രണ്ടാം മഞ്ഞ ചുവപ്പായി വിനീത് മടങ്ങി ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങിയത്. ഇനി അടുത്ത കളിയില്‍ ഒരു വിജയം കാണാം എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.