ബുര്‍ജ് ഖലീഫയുടെ റെക്കോഡുകള്‍ പഴങ്കഥയാകുന്നു; ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവര്‍

single-img
4 December 2017

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബുര്‍ജ് ഖലീഫയുടെ റെക്കോഡ് ഇനി അധികനാള്‍ ഉണ്ടാകില്ല. ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ജിദ്ദയുടെ കിങ്ഡം ടവര്‍ എത്തുന്നു. കെട്ടിടത്തിന്റെ നിര്‍മാണപുരോഗതിയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് കമ്പനി പുറത്തുവിട്ടു.

ബുര്‍ജ് ഖലീഫയ്ക്ക് 2722 അടിയാണ് ഉയരമെങ്കില്‍ കിങ്ഡം ടവര്‍ 3280 അടിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം വരും ഉയരം. 2017 ഒക്ടോബര്‍ 22 വരെയുള്ള കണക്കനുസരിച്ച് 56 നിലകള്‍ പൂര്‍ത്തിയായിട്ടുണ്ട്. എലിവേറ്റര്‍, ഗോവണികള്‍ എന്നിവയടങ്ങിയ കെട്ടിടത്തിന്റെ അടിസ്ഥാന ബ്ലോക്കുകള്‍ 63 നിലകള്‍ വരെയെത്തി.

439 അപ്പാര്‍ട്‌മെന്റുകള്‍, 200 ഹോട്ടല്‍ മുറികള്‍, 2205 പാര്‍ക്കിങ് സ്‌പേസുകള്‍ മറ്റു വിവിധോദ്ദേശ്യ നിര്‍മിതികള്‍ എന്നിവ കെട്ടിടത്തില്‍ ഉണ്ടാകും. 2013 ഏപ്രില്‍ ഒന്നിനാണ് നിര്‍മാണം ആരംഭിച്ചത്. 2019 ല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ബുര്‍ജ് ഖലീഫയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന പദവി കിങ്ഡം ടവര്‍ സ്വന്തമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കിലോമീറ്റര്‍ ഉയരം എന്ന സ്വപ്നപദവിയിലെത്തുന്ന ആദ്യ കെട്ടിടവുമാകും ജിദ്ദ ടവര്‍.

മനുഷ്യവാസയോഗ്യമായ 170 നിലകളാണ് ടവറില്‍ ഉണ്ടാകുക. കെട്ടിടത്തിന്റെ അഗ്രഭാഗത്തുള്ള നിലകളും നിരീക്ഷണകേന്ദ്രവും ഉള്‍പ്പെടെ 252 നിലകളും. 5.3 മില്യണ്‍ സ്‌ക്വയര്‍ മീറ്റര്‍ ആണ് വിസ്തീര്‍ണം. റീഎന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റും, സ്റ്റീലും, ഗ്ലാസുമാണ് കെട്ടിടത്തിന്റെ മുഖ്യ നിര്‍മാണവസ്തുക്കള്‍. 60 എലിവേറ്ററുകള്‍ സദാസജ്ജമായി കെട്ടിടത്തിനുള്ളില്‍ നിലകൊള്ളും.

ബുര്‍ജ് ഖലീഫ ഡിസൈന്‍ ചെയ്ത അമേരിക്കന്‍ ആര്‍ക്കിടെക്ടുകളില്‍ ഒരാളായ അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും പ്രധാന ശില്പി. അഡ്രിയാന്‍ നിര്‍മിച്ചുകഴിഞ്ഞ നാലുകെട്ടിടങ്ങളും ലോകത്തിലെ 11 ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. 1.23 ബില്യണ്‍ ഡോളറാണ് നിര്‍മാണതുക കണക്കാക്കുന്നത്. സൗദി അറേബ്യയുടെ പ്രൗഢിയുടെയും ആഢ്യത്തത്തിന്റെയും സാംസ്‌കാരിക ചിഹ്നമായി ജിദ്ദ ടവര്‍ മാറുന്നതിനായി ലോകം കാത്തിരിക്കുന്നു.