ഹാദിയയുടെ വിവാഹം ആസൂത്രിതമായി നടന്നത്; മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരസ്പരം കണ്ടിട്ടില്ല; ഷഫീന്‍ ജഹാന് ഐഎസ് ബന്ധം

single-img
4 December 2017

ദില്ലി: ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിന് മുമ്പ് ഐസിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ മന്‍സീദ്, പി സഫ്വാന്‍ എന്നിവരുമായി എസ്ഡിപിഐയുടെ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഷെഫിന്‍ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ഐഎസിന്റെ സ്വാധീനത്തില്‍ ദക്ഷിണേന്ത്യയിലെ ഹൈക്കോടതി ജസ്റ്റീസുമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ ഗൂഡാലോചന കേസില്‍ മന്‍സീദിനെയും സഫ്വാനെയും അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ല ഷഫീനും ഹാദിയയും ഒന്നിച്ചതെന്നും മന്‍സീദും ഷഫീന്റെ കൂട്ടുകാരനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുനീറും ചേര്‍ന്നാണ് ഒന്നിപ്പിച്ചതെന്നാണ് എന്‍ഐഐ കണ്ടെത്തല്‍.
2016 ഡിസംബറിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായത്.

എന്‍ഐഎ പറയുന്നത് ഹാദിയയും ഷഫീന്‍ജഹാനും കേരളാഹൈക്കോടതിയില്‍ വെളിപ്പെടുത്തിയ തങ്ങളുടെ വിവാഹം മാട്രിമോണിയല്‍ വെബ്‌സൈറ്റായ ‘വേ ടൂ നിക്കാഹ് ഡോട്ട് കോം’ വഴിയാണെന്ന വാദത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ്. ഷഫീന്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തത് 2015 സെപ്തംബറിലാണ്.

ഹാദിയയുടെയും മകള്‍ ഫാത്തിമാ തെന്‍സിയുടെയും പേര് സൈനബ റജിസ്റ്റര്‍ ചെയ്യുന്നത് 2016 സെപ്തംബര്‍ 19 നും. എന്നാല്‍ ഷഫീനോ ഹാദിയയോ ഇതിന് വെബ്‌സൈറ്റിന് പണം നല്‍കിയിട്ടുമില്ല. വെബ്‌സൈറ്റിലുള്ളത് ഇവരുടെ അടിസ്ഥാന വിവരം മാത്രമാണ്. എന്നാല്‍ ഇരുവരുടെയും കോണ്ടാക്ടുകള്‍ ചിലര്‍ വാങ്ങിയിട്ടുണ്ട്.

ഏപ്രില്‍ 17 നും 23 നും ഇടയില്‍ 49 പ്രൊഫൈലുകളാണ് ഹാദിയ വെബ്‌സൈറ്റില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഷെഫീനെ കണ്ടിട്ടില്ല. എന്നാല്‍ ഷഫീന്‍ ഈ കാലയളവില്‍ 67 പ്രൊഫൈലുകള്‍ കണ്ടെങ്കിലും ഹാദിയെ കണ്ടിട്ടില്ല. അതായത് 2016 ഡിസംബര്‍ 31 ന് വിവാഹം കഴിക്കുന്നത് വരെ ഇരുവരും പരസ്പരം കണ്ടിട്ടേയില്ല.

ഹാദിയയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും എടുത്ത അഞ്ചു പേരില്‍ ആരും ഷഫീനുമായി ബന്ധപ്പെട്ടിട്ടുമില്ല. ഇതാണ് 2016 ആഗസ്റ്റില്‍ മുനീര്‍ വഴിയാണ് ഷഫീന്‍ ജഹാന്റെ വിവാഹാഭ്യര്‍ത്ഥന വന്നതെന്ന് എന്‍ഐഎ സംശയിക്കാന്‍ കാരണം. ഈ സമയത്ത് ഷഫീനാകട്ടെ മന്‍സീദും സഫ്വാനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ മുനീറാണ് പ്രവര്‍ത്തിച്ചതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

വിവാഹസമയത്ത് ഹാദിയയുടെ ഗാര്‍ഡിയനായി നിയോഗിക്കപ്പെട്ട സൈനബയെ പിഎഫ്‌ഐ/ എസ്ഡിപിഐ നെറ്റ് വര്‍ക്ക് വഴി മുനീറിന് അറിയാമായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി. കോഴിക്കോട്ടുള്ള കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ അക്‌സസിനെ കേന്ദ്രീകരിച്ച് ഷാഫിന്‍, സൈനബ മുനീര്‍ എന്നിവര്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

മന്‍സീദും ഷഫീനും തമ്മില്‍ നേരിട്ടു കാണാതെ തന്നെ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കേരളാപോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘യഥാര്‍ത്ഥ മതം’ എന്ന പേരിലുള്ള ഒരു പുസ്തകം ഷഫീന്റെ ആവശ്യപ്രകാരം മന്‍സീദാണ് വാങ്ങി അയച്ചു കൊടുത്തത്.