മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം: നൃത്തം ചെയ്യുന്നവരെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണി

single-img
4 December 2017


മലപ്പുറത്ത് ഹിജാബ് ധരിച്ച് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സദാചാര ആക്രമണം. പെണ്‍കുട്ടികളുടെ ഡാന്‍സ് സദാചാരത്തിനും മതബോധത്തിനും നിരക്കുന്നതല്ലന്നും പൊതു നിരത്തില്‍ പ്രായമായ യുവതികള്‍ അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ വെച്ച് നടത്തിയ ഡാന്‍സ് അശ്ലീലമാണെന്നുമാണ് സദാചാരവാദികളുടെ നിലപാട്.

ലോക എയ്ഡ്‌സ് ദിനത്തിലാണ് പെണ്‍കുട്ടികള്‍ ബോധവത്കരണ സന്ദേശവുമായി ഫ്‌ളാഷ്‌മോബ് കളിച്ചത്. ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്താണ് ഇവര്‍ ചുവടുവെച്ചത്. എന്നാല്‍ ഫ്‌ളാഷ്‌മോബിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.


വളര്‍ത്തുദോഷത്തിന്റെ ഫലമാണിതെന്നും ഇവരെ വളര്‍ത്തിയ മാതാപിതാക്കളെ പച്ചമടല്‍ എടുത്ത് അടിക്കണമെന്നു വരെ ചിലര്‍ കമന്റ് ചെയ്യുന്നു. നൃത്തം ചെയ്യുന്നത് സ്വന്തം വീട്ടില്‍ മാത്രം മതിയെന്നും മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നു വരെ ഭീഷണികള്‍ ഉയരുന്നുണ്ട്.

ഇങ്ങനെ മുന്നും പിന്നും കുലുക്കി ഡാന്‍സ് കളിച്ചാല്‍ എയ്ഡ്‌സ് വരാനുള്ള സാധ്യത കുറയുമോ?, നടുറോട്ടില്‍ അന്യപുരുഷന്മാരുടെ മുന്‍പില്‍ കൂത്താടുന്നതല്ല സംസ്‌ക്കാരം, വീട്ടില്‍ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളെ തല്ലി കൊല്ലണം, ഇങ്ങനെ പോകുന്നു സദാചാര ആക്രമണം.

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. കലയ്ക്ക് മതവിലക്കുകളില്ലെന്നും നൃത്തത്തിന് പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു. സദാചാരക്കാരുടെ വാദങ്ങള്‍ക്ക് കണക്കിന് മറുപടി കിട്ടിയതോടെ പലരും കമന്റുകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.