ദുബായില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം: വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

single-img
4 December 2017


ദുബായ്: ദുബായില്‍ വില്‍ക്കുന്ന പെപ്‌സിയിലൂടെ എയ്ഡ്‌സ് പകരുന്നെന്ന വാര്‍ത്ത ദുബായ് മുനിസിപ്പാലിറ്റി തള്ളി. സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണങ്ങളാണെന്നും ഭക്ഷ്യവസ്തുക്കളിലൂടെ പകരുന്ന രോഗമല്ല എയ്ഡ്‌സ് എന്നും മുനിസിപ്പാലിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പെപ്‌സിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാനീയമോ ഭക്ഷണമോ കഴിക്കുന്നതിലൂടെ എയ്ഡ്‌സ് പകരില്ലെന്നും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. ദുബായില്‍ വില്‍ക്കുന്ന പെപ്‌സിയില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്നും അവ എയ്ഡ്‌സ് പിടിപെടാന്‍ കാരണമാകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നത്. എയ്ഡ് പകരുന്നത് പ്രധാനമായും രക്തത്തിലൂടെയാണ്. എയ്ഡ്‌സ് രോഗിയെ കുത്തിവച്ച സൂചി ഉപയോഗിച്ചു മറ്റൊരാളെ കുത്തിവയ്ക്കുക, രോഗിയുടെ രക്തം പറ്റിയ പഞ്ഞി മുറിവില്‍ വയ്ക്കുക, രക്തദാനം, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എയ്ഡ്‌സ് പകരാം.

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭധാരണ സമയത്തോ മുലയൂട്ടല്‍ സമയത്തോ രോഗം പകരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയുമാണ് രോഗം പിടിപെടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും എന്തെങ്കിലും വ്യക്തത വേണ്ടവര്‍ മുനിസിപ്പാലിറ്റിയെ സമീപിക്കണമെന്നും പ്രസ്താവനയിലൂടെ ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.