ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിച്ച് അമിത് ഷാ: ആളില്ലാ കസേരകള്‍ക്കു മുന്നില്‍ മോദി പ്രസംഗിക്കേണ്ടി വന്നത് ബിജെപിയുടെ കണ്ണുതുറപ്പിച്ചു ?

single-img
4 December 2017

ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ തുറന്നുപറച്ചില്‍. ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.

നീണ്ടകാലം അധികാരത്തില്‍ തുടരുന്ന പാര്‍ട്ടിക്കെതിരെ വിരുദ്ധവികാരം സ്വാഭാവികമാണ്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ വലിയ വോട്ട് ബാങ്ക് ഗുജറാത്തില്‍ ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനത്ത് ജാതിരാഷ്ട്രീയം കളിക്കുകയാണ്.

ഹര്‍ദിക്ക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, തുടങ്ങിയവരുടേ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളെല്ലാം കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സമരങ്ങളായിരുന്നു. ഇത് ജനം തിരച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജാതിരാഷ്ട്രീയത്തെ ബി.ജെ.പിയുടെ വികസനരാഷ്ട്രീയം പരാജയപ്പെടുത്തുമെന്നും 150 സീറ്റ് ബി.ജെ.പി നേടുമെന്നും ദേശീയ അധ്യക്ഷന്‍ അവകാശപ്പെട്ടു.

അതേസമയം ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ വൈറലായി. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോഡി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം പിടിച്ചടക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഗുജറാത്തില്‍ മോദി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്. കര്‍ഷകരും പട്ടേല്‍ വിഭാഗവും തുടക്കമിട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോഡി ഗുജറാത്തില്‍ എത്തുകയുണ്ടായത്. റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചു.