അരങ്ങേറ്റ ടെസ്റ്റിലെ ആദ്യപന്തില്‍ ഹിറ്റ് വിക്കറ്റായ നാണക്കേട് ആംബ്രിസ് തിരുത്തി: കൂറ്റന്‍ സിക്‌സടിച്ച് മറ്റൊരു റെക്കോഡിട്ടു

single-img
4 December 2017

വെല്ലിങ്ടണ്‍: അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുക. അതും ഹിറ്റ് വിക്കറ്റില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് താരം സുനില്‍ ആംബ്രിസ് ദുഷ്‌പേരോടെ ‘ചരിത്രത്തില്‍’ ഇടം നേടിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലെത്തിയപ്പോള്‍ ആംബ്രിസ് വീണ്ടും വാര്‍ത്തകളിലെ താരമായി.

ടെസ്റ്റിലെ കന്നി റണ്‍ ഒരു പടുകൂറ്റന്‍ സിക്‌സറിലൂടെ നേടിയാണ് താരം ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റിയത്. കിവി പേസര്‍ ട്രെന്റ് ബോള്‍ട്ടിനെയാണ് ആംബ്രിസ് സിക്‌സറിന് പറത്തിയത്. ആദ്യ രണ്ട് പന്തുകള്‍ തടുത്തിട്ട ശേഷം മൂന്നാം പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ താരം അടിച്ചകറ്റുകയായിരുന്നു.

ഇതോടെ സിക്‌സറോടെ സ്‌കോറിങ് തുടങ്ങുന്ന ചരിത്രത്തിലെ ആറാമത്തെ ടെസ്റ്റ് താരമായി ആംബ്രിസ് മാറി. 18 റണ്‍സ് മാത്രമാണ് ആംബ്രിസിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത്. മത്സരം ഇന്നിങ്‌സിനും 67 റണ്‍സിനും വെസ്റ്റിന്‍ഡീസ് തോല്‍ക്കുകയും ചെയ്തു.

നേരത്തെ കിവീസ് ബൗളര്‍ നെയ്ല്‍ വാഗ്‌നെറുടെ പന്ത് നേരിടാന്‍ ശ്രമിക്കുന്നതിനിടെ ആംബ്രിസിന്റെ കാല്‍ സ്റ്റമ്പില്‍ തട്ടി ഹിറ്റ് വിക്കറ്റാവുകയായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഹിറ്റ് വിക്കറ്റാകുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് താരമായി ആംബ്രിസ് മാറുകയായിരുന്നു.