യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ യോഗിയുടെ വാര്‍ഡില്‍ വിജയിച്ചത് മുസ്‌ലിം സ്വതന്ത്ര: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടി

single-img
3 December 2017

ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനങ്ങളിലേക്ക് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ബിജെപിക്ക് ഗ്രാമപ്രദേശങ്ങളില്‍ തിരിച്ചടിയേറ്റതായാണ് കണക്കുകള്‍. മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ എസ് പിയും ബിഎസ് പിയും നേട്ടമുണ്ടാക്കിയപ്പോള്‍ ബിജെപിയുടെ ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.

വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ഇടങ്ങളിലാണ് മുഖ്യമായും തിരിച്ചടിയേറ്റത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി അധികാരം പിടിക്കുന്നതെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

11944 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപിയുടെ 9812 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതായാണ് പ്രതിപക്ഷം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 245 പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 100 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80 ല്‍ 73 സീറ്റ് നേടിയ ബിജെപി 325 സീറ്റു നേടി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനകം നടന്ന ത്രിതല തിരഞ്ഞെടുപ്പില്‍ നേട്ടം ആ നേട്ടം ബിജെപിക്ക് കൈവരിക്കാനായില്ല. വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിടങ്ങളില്‍ 46 ശതമാനത്തിലേറെ വോട്ടുകള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന പ്രദേശങ്ങളില്‍ വെറും 15 ശതമാനത്തിനടുത്ത് മാത്രമാണ് ബിജെപിക്ക് അനുകൂലമായി ലഭിച്ചത്. ഇത് തന്നെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുണ്ടെന്നതിന്റെ തെളിവാണെന്ന് എസ്പിയും ബിഎസ്പിയും ചൂണ്ടിക്കാട്ടുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വോട്ടുള്ള ഗൊരഖ്പൂരിലെ 68ആം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‌ലിം വനിത വിജയിച്ചു. 68കാരിയായ നദീറ ഖാത്തൂണ്‍ ആണ് വിജയിച്ചത്. യോഗിയുടെ അയല്‍വാസിയാണ് നദീറ.

483 വോട്ടിനാണ് നദീറ ബിജെപി സ്ഥാനാര്‍ഥിയായ മായ ത്രിപാഠിയെ തോല്‍പിച്ചത്. 2006ലും 2012ലും ബിജെപിയാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 2012ല്‍ നദീറയുടെ മകന്‍ ഈ വാര്‍ഡില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് ക്ഷേത്രം ഇവിടെയാണുള്ളത്. 1998 മുതല്‍ അഞ്ച് തവണ യോഗി ആദിത്യനാഥ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതും ഗൊരഖ്പൂരില്‍ നിന്നാണ്.

തന്റെ വാര്‍ഡില്‍ 100 ശതമാനം സാക്ഷരത കൈവരിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് നദീറ പറഞ്ഞു. വികസനമില്ലായ്മ, മാലിന്യപ്രശ്‌നം, തകര്‍ന്ന റോഡുകള്‍ എന്നിവയെല്ലാമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് നദീറയുടെ മകന്‍ വിലയിരുത്തി.