കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയ താരങ്ങളോടൊപ്പം വിദ്യാ ബാലനും

single-img
3 December 2017

ഗോഡ്ഫാദര്‍മാര്‍ ഇല്ലാതിരുന്നിട്ടും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ ബാലന്‍. തുമാരി സുലുവിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ വിദ്യയുടെ ശരീരഭാരത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യവും അതിന് വിദ്യ നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

‘താങ്കളെ ഞങ്ങള്‍ അധികവും കണ്ടിരിക്കുന്നത് സ്ത്രീ കേന്ദ്രീകൃത സിനിമകളിലാണ്. ഇത്തരം സിനിമകളില്‍ തന്നെ താങ്കള്‍ തുടരുമോ? അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?’ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
ചെയ്യുന്ന ജോലിയില്‍ താന്‍ സന്തുഷ്ടയാണെന്നും താങ്കളുടെ കാഴ്ചപ്പാട് മാറ്റുകയാണെങ്കില്‍ അത് വളരെ വലിയ കാര്യമായിരിക്കും എന്നുമാണ് അന്ന് വിദ്യ പ്രതികരിച്ചത്.

അതേസമയം വിദ്യ തന്റെ 20ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിയേഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തുമാരി സുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്നു പറച്ചില്‍.

അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.’സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്‍പം കൂടുതലാണെന്നും വിദ്യ പറയുന്നു.