പിണറായി വിജയന് നേരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം: മുഖ്യമന്ത്രിയെ ഔദ്യോഗിക വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല

single-img
3 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടൽതീരത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

വാഹനത്തിന് അടിച്ചും ആക്രോശിച്ചും പ്രതിഷേധിച്ച ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവയ്ക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം.

പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂര്‍ ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി പോയത്. പൊലീസ് കനത്ത വലയം തീർത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ദുരിത ബാധിതർക്കൊപ്പമാണ്. ഇനിയും വേണ്ടത് ചെയ്യും. തിരച്ചിൽ സംഘങ്ങളിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.