ഒമാന്‍ എയര്‍ കേരളത്തിലേക്കുള്ള സര്‍വ്വീസ് വര്‍ധിപ്പിച്ചു

single-img
3 December 2017

ഒമാന്‍: ഒമാന്‍ എയര്‍ മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ ഒമാന്‍ എയര്‍ വേസ് മൂന്ന് സര്‍വ്വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ രണ്ട് സര്‍വ്വീസുകളാണുണ്ടായിരുന്നത്. അതേസമയം, സലാല കോഴിക്കോട് റൂട്ടിലുള്ള സര്‍വ്വീസ് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുകയും ചെയ്തു.

മസ്‌കറ്റില്‍ നിന്നും രാത്രി 2:10, ഉച്ചക്ക് 2:05, രാത്രി 10.50 തുടങ്ങിയ സമയങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ കോഴിക്കോട് യഥാക്രമം രാവിലെ 7.10, വൈകിട്ട് 6.55, പുലര്‍ച്ചെ 3.40.എന്നീ സമയങ്ങളില്‍ എത്തിച്ചേരും. ഇതോടെ മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് ദിനം പ്രതി മൂന്ന് വിമാന കമ്പനികളുടെ അഞ്ച് സര്‍വ്വീസുകളുണ്ടാകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ ഓരോ സര്‍വ്വീസുകളും ദിനം പ്രതി കോഴിക്കോട്ടേക്ക് ഇപ്പോഴുണ്ട്. ഓഫ് സീസണില്‍ പോലും യാത്രക്കാര്‍ കുറയാതിരിക്കുന്നതാണ് കൂടുതല്‍ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറത്താന്‍ വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നത്. രണ്ട് ബജറ്റ് വിമാനങ്ങളും കുറഞ്ഞ നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നു.

എന്നാല്‍, ഒമാന്‍ എയറിന്റെ സലാല കോഴിക്കോട് സര്‍വ്വീസ് ഒഴിവാക്കിയതോടെ എയര്‍ ഇന്ത്യ സര്‍വ്വീസ് മാത്രമാകും യാത്രക്കാര്‍ക്ക് ഇനി ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതും സര്‍വ്വീസുകളുടെ കുറവും സലാലയില്‍ നിന്നുള്ളവരുടെ പരാതി തുടരുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. സര്‍വ്വീസ് ഒഴിവാക്കിയതിന്റെ കാരണം അധികൃതര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.