ഓഖി ഗുജറാത്ത് തീരത്തേക്ക്; സംസ്ഥാനത്ത് 16 മരണം; കേരളത്തില്‍ ഇന്നും ശക്തമായ കാറ്റിന് സാധ്യത

single-img
3 December 2017

തിരുവനന്തപുരം: കേരളാ തീരത്തെ വിറപ്പിച്ച് ലക്ഷദ്വീപിലേയ്ക്ക് എത്തിയ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നുമാണ് ഓഖി ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ അറിയിച്ചു.

ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലും, കഴിഞ്ഞ ദിവസം കനത്ത കാറ്റും, കടലാക്രമണവും അനുഭവപ്പെട്ടു. മിനിക്കോയ് ദ്വീപിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. അതേസമയം തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്.

ഓഖിയുടെ പ്രഹരത്തില്‍ ഇതുവരെ 16 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തിന്റെ തീരദേശത്തു രൂക്ഷമായ കടലാക്രമണം ഉണ്ടായി. പലയിടത്തും കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചു കയറിയതു പരിഭ്രാന്തി സൃഷ്ടിച്ചു.

തീരദേശത്തെ റോഡുകള്‍ വെള്ളത്തിലായി. കടലാക്രമണം രൂക്ഷമായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ചിലയിടങ്ങളില്‍ അപകട മുന്നറിയിപ്പുമായി പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തീരപ്രദേശത്തും കടലാക്രമണം രൂക്ഷമായിരുന്നു.

കോഴിക്കോട് മുതല്‍ വടകര വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് വെള്ളയിലിലും പൊയില്‍കാവിലുമുള്ള തീരപ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടലാക്രമണം കണക്കിലെടുത്ത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും തോണികളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയുടെ തയ്യില്‍, പയ്യാമ്പലം, കക്കാടന്‍ചാല്‍, നീരൊഴുക്കുംചാല്‍ എന്നിവിടങ്ങളില്‍ രാത്രി പത്തരയോടെ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. കക്കാടന്‍ചാലില്‍ അന്‍പതോളം വീടുകള്‍ ഭീഷണിയിലാണ്. തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ചില്‍ 200 മീറ്ററോളം കടല്‍ കയറി. കാര വാക കടപ്പുറം മുതല്‍ പേബസാര്‍ വരെ കടല്‍ കരയിലേക്കു കയറി. പേബസാറില്‍ നിന്ന് ഇരുന്നൂറിലേറെ വീട്ടുകാരെ മദ്രസ ഹാളിലേക്കു മാറ്റി.

മലപ്പുറം ജില്ലയില്‍ വള്ളിക്കുന്ന്, അരിയല്ലൂര്‍, താനൂര്‍, പൊന്നാനി, പാലപ്പെട്ടി മേഖലയിലാണ് അതിരൂക്ഷമായ കടലാക്രമണം. താനൂര്‍ എടക്കടപ്പുറം എസ്എംഎം ഹൈസ്‌കൂളിനു സമീപം ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. തുറമുഖത്തിനു തെക്ക് ഭാഗത്ത് ചിലയിടത്ത് 100 മീറ്ററിലധികം വെള്ളം കയറി. കൊല്ലത്ത് സ്രായിക്കാട്, ചെറിയഴീക്കല്‍ പ്രദേശത്ത് അര കിലോമീറ്ററോളം കടല്‍ കരയിലേക്കു കയറി.

അഴീക്കല്‍, ആലപ്പാട് പ്രദേശത്തു ശക്തമായ കാറ്റും തിരയിളക്കവും അനുഭവപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ തൃക്കുന്നപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്തു കടലേറ്റം രൂക്ഷമായി. നേരത്തെ കടല്‍ ഉള്‍വലിഞ്ഞിരുന്ന പ്രദേശങ്ങളില്‍ ഇരട്ടി ശക്തിയോടെ തിരമാല ഇരച്ചു കയറുകയായിരുന്നു.

അതേസമയം ഇന്നും കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ അടുത്ത 12 മണിക്കൂര്‍കൂടി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.