ഭക്ഷണമില്ല, വൈദ്യുതിയില്ല…: ഓഖി ചുഴലിക്കാറ്റില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് ലക്ഷദ്വീപ്

single-img
3 December 2017

കടലും കരയും വിറപ്പിച്ച കൊടുങ്കാറ്റിനുശേഷം ലക്ഷദ്വീപ് ശാന്തമാകുന്നു. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 70 കിലോമീറ്ററായി കുറഞ്ഞു. വെള്ളിയാഴ്ച 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് അടിച്ചിരുന്നത്. എങ്കിലും 48 മണിക്കൂര്‍ കൂടി അതീവ ജാഗ്രതയിലിരിക്കുവാന്‍ ലക്ഷദ്വീപ് നിവാസികളോട് അഡ്മിനിസ്‌ട്രേറ്റ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് ലക്ഷദ്വീപ്. ആഞ്ഞടിച്ച കാറ്റിലും ശക്തിയേറിയ മഴയിലും നാശനഷ്ടങ്ങള്‍ ഏറെയാണ്. ഇവിടെ പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കു ക്ഷാമം നേരിടുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

കല്‍പേനി, മിനിക്കോയ് ദ്വീപുകളിലാണു ദുരന്തം ഏറ്റവുമധികം ബാധിച്ചത്. രണ്ട് ദ്വീപികളിലും രണ്ട് ദിവസമായി വൈദ്യുതിയില്ല. അനേകം വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. തെങ്ങുകള്‍ കടപുഴകി. ഫിഷിംഗ് ബോട്ടുകളും തകര്‍ന്നിട്ടുണ്ട്. കല്‍പേനിയിലെ ഹെലിപാഡ് വെള്ളം കയറി നശിച്ചു.

കല്‍പേനി, മിനിക്കോയ് ദ്വീപുകളില്‍ വാര്‍ത്താവിനിമയ സംവിധാനം ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം മിനിക്കോയ് ദ്വീപില്‍ മാത്രം 14 സെ.മീ മഴയാണ് ലഭിച്ചത്. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മല്‍സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.

പേമാരിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള എട്ടു ബോട്ടുകള്‍ കവരത്തിക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇവിടെയെത്തിയ 12 ബോട്ടുകളില്‍ എട്ടെണ്ണമാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ കൂടി ദ്വീപിലേക്ക് തിരിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നതു മാത്രമാണ് നാട്ടുകാരുടെ ആശ്വാസം.

140 കിലോമീറ്ററില്‍ അധികമാണ് ഇവിടെ കാറ്റിന്റെ വേഗം. കല്‍പേനി ദ്വീപിലെ ഹെലിപ്പാഡും കടല്‍ഭിത്തിയും ഭാഗികമായി കടലെടുത്തു. ലൈറ്റ് ഹൗസിനും കേടുപാടുണ്ടായി. തീരത്ത് കെട്ടിയിട്ട നിരവധി ബോട്ടുകള്‍ മുങ്ങി. നിരവധി വീടുകള്‍ തകര്‍ന്നു.

തീരത്തോടടുത്ത് താമസിക്കുന്നവരെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്കു മാറ്റി. മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ദ്വീപ് തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ബോട്ട് ജെട്ടി ഭാഗികമായി തകര്‍ന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ വലയ്ക്കുന്നുണ്ട്. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി.

ദുരിതമേഖലകളിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കു പോവേണ്ടിയിരുന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇവര്‍ക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. ഇതോടെ ബേപ്പൂരില്‍ 102 പേര്‍ കുടുങ്ങി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയതായും പ്രത്യേക സംഘത്തെ അയക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും ലക്ഷദ്വീപ് എംപി അറിയിച്ചു.