ഓഖി ദുരന്തം: നൂറോളംപേര്‍ ഇനിയും കാണാമറയത്ത്: തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത

single-img
3 December 2017

കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച കടലില്‍ നടന്ന തെരച്ചിലില്‍ അഞ്ച് മൃതദേഹം കൂടി ലഭിച്ചു. ഞായറാഴ്ച വൈകുന്നേരം നാവികസേന മൂന്നു മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. കൊല്ലം തീരത്താണ് എത്തിച്ചത്. നാവിക സേനയുടെ ഹെലികോപ്റ്ററിലായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഞായറാഴ്ച രാവിലെ പൂന്തറയില്‍നിന്നും ഒരു മൃതദേഹം ലഭിച്ചിരുന്നു. പൂന്തുറയില്‍ തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊടുംങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന ബോട്ടില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ലക്ഷദ്വീപിനു സമീപമായിരുന്നു സംഭവം. ഇയാളെയും തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് 67പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച അസംകാരുള്‍പെടെ 19പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. നേവി രക്ഷപെടുത്തിയ 22 തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ബേപ്പൂരിലെത്തിച്ചു. പൂന്തുറയില്‍ നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്ക് നീന്തിക്കയറി രക്ഷപെട്ടു.

അതേസമയം പൂന്തുറയില്‍ നിന്ന് കാണാതായ ലോറന്‍സിനെ കൊച്ചിയില്‍ കസ്റ്റംസ് കണ്ടെത്തി. പൂന്തുറയില്‍ നിന്നുള്ള 32 പേരടക്കം ഇനി കണ്ടെത്താനുള്ളത് തൊണ്ണൂറോളം മല്‍സ്യത്തൊഴിലാളികളേയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി.

ഇനിയും മടങ്ങിവരാനാകാതെ കടലില്‍ കുടുങ്ങിയവരെ തിരഞ്ഞ് രാവിലെ ജനം തിരച്ചിലിന് ഇറങ്ങി. തിരുവനന്തപുരം പൂന്തുറയില്‍നിന്നും നാല്‍പതും വിഴിഞ്ഞത്തുനിന്ന് പതിനഞ്ചും വള്ളങ്ങളിലായി നൂറിലേറെ മല്‍സ്യതൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടു.

തിരച്ചില്‍ തുടങ്ങി 15 മിനുട്ടിനകം ഒരു മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കരക്കെത്തിച്ചു. നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിവരുന്ന തിരച്ചില്‍ രണ്ടു ദിവസം പിന്നിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍ നേരിട്ടിറങ്ങിയത്. ഭക്ഷണം, വെള്ളം എന്നിവയ്ക്കുപുറമെ വയര്‍ലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഡിസംബര്‍ 25 വരെ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എസ്. ബലചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.