മതമോ ജാതിയോ മാറാതെ അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി: മഹാരാജാസ് കലാലയമുറ്റം മംഗല്യവേദിയായി

single-img
3 December 2017

മഹാരാജാസ് കലാലയത്തിന്റെ ഇടനാഴികളില്‍ മൊട്ടിട്ട പ്രണയത്തിന്, ഒടുവില്‍ കാമ്പസില്‍ തന്നെ സാഫല്യം. എറണാകുളം മഹാരാജാസ് കോളേജ് കലാലയമുറ്റത്ത് അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി. മതമോ ജാതിയോ മാറാതെ. അനുഗ്രഹത്തിന്റെ പൂക്കളെറിഞ്ഞ് സഹപാഠികളും ബന്ധുക്കളും.

മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഇരുവരും ഇവിടം തന്നെ മംഗല്യവേദിയാക്കിയത് കോളേജിനോടുള്ള പ്രണയം കൊണ്ടുകൂടിയാണ്. രാവിലെ 8.30 ന് ആയിരുന്നു സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ താലികെട്ട്. മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍ നക്ഷത്രക്കുളവും സമരമരവും ശശിമരവുമൊക്കെ കൂടിച്ചേരുന്നിടത്തായിരുന്നു മിന്നുകെട്ട്.

2012-14 ല്‍ അമര്‍നാഥ് മലയാളത്തിലും സഫ്‌ന ചരിത്രത്തിലും ഡിഗ്രി ചെയ്യുന്ന സമയത്താണ് പ്രണയം പുഷ്പിച്ചത്. കഴിഞ്ഞ ദിവസം മുളന്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് സഫ്‌നയ്ക്ക് ജോലി.

ഇപ്പോള്‍ ബംഗ്ലുരുവില്‍ വീഡിയോ എഡിറ്ററാണ് അമര്‍നാഥ്. കോളേജിന്റെ അനുമതിയോടെ തന്നെയായിരുന്നു വിവാഹം. ഇതിന്റെ ഭാഗമായി വൈകിട്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ചെറിയൊരു സല്‍ക്കാരവുമുണ്ടായി. ഫോര്‍ട്ട് കൊച്ചിയില്‍ ആദ്യരാത്രി. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുതിയൊരു ജീവിതവുമായി ഇവര്‍ പുതിയ നഗരത്തിലേക്ക് യാത്രയാകും.