വിരാട് കോഹ്‌ലി ഇരട്ട സെഞ്ചുറിയുടെ ആറാം തമ്പുരാന്‍: ഇന്നും റെക്കോഡുകളുടെ പെരുമഴ

single-img
3 December 2017

തകര്‍പ്പന്‍ ഫോമില്‍ തിളങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ലങ്കന്‍ ബൗളര്‍ സുരംഗ ലക്മലിന്റെ പന്തില്‍ ഡബിളെടുത്ത് ഡബിള്‍ സെഞ്ചുറിയിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന് മുന്നില്‍ ഒരുപിടി റെക്കോഡുകളും ഇതോടെ വഴിമാറി.

ആറു ഇരട്ടസെഞ്ചുറി അക്കൗണ്ടിലുള്ള ഏക ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്. നേരത്തെ നാഗ്പുരില്‍ ഡബിള്‍ അടിച്ചപ്പോള്‍ തന്നെ ബ്രയാന്‍ ലാറയുടെ അഞ്ചു സെഞ്ചുറിയെന്ന റെക്കോഡിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റനെത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഇരട്ടസെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പമെത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞു. ഇതോടെ അഞ്ച് ഇരട്ടസെഞ്ചുറിയുള്ള ദ്രാവിഡ് കോഹ്‌ലിക്ക് പിന്നിലായിപ്പോകുകയും ചെയ്തു.

തുടര്‍ച്ചയായി രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തെ നാലാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. രണ്ടാമത്തെ ഇന്ത്യക്കാരനും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്‌ലി അതിനെടുത്തത് 350 ഇന്നിങ്‌സാണ്. ഇത്രയും വേഗത്തില്‍ 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോഡും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിനൊപ്പം ചേര്‍ന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലുള്ള 378 ഇന്നിങ്‌സെന്ന റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്.
ഒപ്പം ടെസ്റ്റില്‍ 5000 റണ്‍സും പൂര്‍ത്തിയാക്കിയ ഇരുപത്തിയൊമ്പതുകാരന്‍ വേഗത്തില്‍ 5000 ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി.

105 ഇന്നിങ്‌സാണ് ഇതിനായി കോഹ്‌ലിയെടുത്തത്. കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സും കോഹ്‌ലി പൂര്‍ത്തിയാക്കി. ഇതിന് മുമ്പ് എം.എസ് ധോനിയും സുനില്‍ ഗവാസ്‌ക്കറും മാത്രമേ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ് പിന്നിട്ടിട്ടൂള്ളു.

ഈ വര്‍ഷം ബംഗ്ലാദേശിനെതിരെ 204, 2016ല്‍ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍. ആന്റിഗ്വയില്‍ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‌ലി നേടിയത് ഇന്ത്യന്‍ മണ്ണിലാണെന്നതും ശ്രദ്ധേയം.