കോഹ്ലി ‘ഓഖി’യായപ്പോള്‍ ദ്രാവിഡിന്റെയും ലാറയുടെയും റെക്കോഡും തകര്‍ത്തു; ആറാം ഇരട്ട സെഞ്ച്വറി

single-img
3 December 2017

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിക്ക് ഇരട്ട സെഞ്ച്വറി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോഹ്‌ലി 238 പന്തില്‍ 20 ബൗണ്ടറികളോടെയാണ് തന്റെ കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ആറ് ഇരട്ട സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള സെവാഗിനും സച്ചിനുമൊപ്പം കൊഹ്ലി എത്തി.

അഞ്ച് ഇരട്ട സെഞ്ച്വറികളെന്ന ദ്രാവിഡിന്റെ റെക്കാഡാണ് കൊഹ്ലി മറികടന്നത്. ക്യാപ്ടനെന്ന നിലയില്‍ അഞ്ച് ഇരട്ട സെഞ്ച്വറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറയുടെ റെക്കാഡും കൊഹ്ലി മറികടന്നു. ക്യാപ്ടന്‍ സ്ഥാനമേറ്റശേഷമാണ് കൊഹ്ലി തന്റെ കരിയറിലെ എല്ലാ ഇരട്ട സെഞ്ച്വറികളും നേടിയത്. അതും രണ്ട് വര്‍ഷത്തിനുള്ളില്‍.

കോഹ്‌ലിയുടെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 109 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിട്ടുണ്ട്. കോഹ്ലിക്കൊപ്പം 41 റണ്‍സുമായി രോഹിത് ശര്‍മയാണ് ക്രീസിലുള്ളത്. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും 155 റണ്‍സ് നേടിയ മുരളി വിജയുടെയും ഒരു റണ്‍സെടുത്ത അജിങ്ക്യ രഹാനയുടെയും വിക്കറ്റുകളാണ് ശനിയാഴ്ച ഇന്ത്യക്കു നഷ്ടപ്പെട്ടത്.

സെഞ്ചുറി നേടിയ കോഹ്‌ലി ടെസ്റ്റില്‍ 5000 റണ്‍സ് നേട്ടവും പിന്നിട്ടിരുന്നു. അതിവേഗം അയ്യായിരം റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനമാണ് കോഹ്‌ലിക്ക്. 105 ഇന്നിംഗ്‌സില്‍നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം.