ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല: മന്ത്രി കടകംപള്ളി മൈക്ക് ഊരിക്കളഞ്ഞ് ഇറങ്ങിപ്പോയി

single-img
3 December 2017

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരിതത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്, പ്രഭാകരന്‍ പാലേരി, കെവി തോമസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് സന്ദര്‍ശം നടത്തിയില്ല എന്നായിരുന്നു ചാനല്‍ അവതാരകയുടെ ചോദ്യം. എന്നാല്‍ അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്നത് ബാലിശമാണെന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

ആ വാശി ജനാധിപത്യത്തിലെ അവകാശല്ലേ എന്ന് വാര്‍ത്താ അവതാരക ചോദിച്ചപ്പോള്‍ അതൊരു വല്ലാത്ത വാശിയാണെന്നും അനാവശ്യ വാശിയാണെന്നുമാണ് കടകംപള്ളി മറുപടി നല്‍കിയത്. പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്.

എത്തേണ്ട ആളുകളെല്ലാം എത്തുന്നുണ്ട്. അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലെ പൂര്‍ണമാകൂ എന്നൊന്നും കരുതേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോകേണ്ട സ്ഥലത്ത് മുഖ്യമന്ത്രി കൃത്യമായി പോയിട്ടുണ്ടെന്നും കടകംപള്ളി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

തുടര്‍ന്ന് പൂന്തുറയടക്കമുള്ള ദുരിതബാധിത മേഖലകളില്‍ മുഖ്യമന്ത്രി പോകേണ്ട സ്ഥലമാണ് എന്നു തോന്നുന്നില്ലെങ്കില്‍ എന്ന് പറഞ്ഞ അവതാരക കോണ്‍ഗ്രസ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് കടകംപള്ളി ചര്‍ച്ച ബഹിഷ്‌കരിച്ചത്.