സൗദിയിലെ പ്രവാസികള്‍ ജാഗ്രതൈ!: ഇഖാമ കയ്യില്‍ കരുതാതിരുന്നാല്‍ 3000 റിയാല്‍ വരെ പിഴ

single-img
3 December 2017

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) കയ്യില്‍ കരുതാതിരുന്നാല്‍ 1000 മുതല്‍ 3000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ഇഖാമ കൈവശമില്ലാത്തത് നിയമലംഘനമായാണ് പരിഗണിക്കുക.

എങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ട കുറ്റമായി പരിഗണിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മറിച്ച് ഇത്തരം നിയമലംഘനത്തിന് പിടിക്കപ്പെട്ടവരെ പിഴയടച്ചാല്‍ വിട്ടയക്കും. കാലാവധിയുള്ള ഇഖാമയുള്ളവര്‍ ഇഖാമ കയ്യില്‍ കരുതിയില്ലെങ്കിലും അവരെ ഇഖാമ, തൊഴില്‍ നിയമലംഘരായല്ല പരിഗണിക്കുന്നത്.

ഇതിനാലാണ് തടവുശിക്ഷ നല്‍കാന്‍ വകുപ്പില്ലാത്തതെന്ന് മക്ക മേഖല ജവാസാത്തിലെ ഉസാമ അബൂമില്‍ഹ പറഞ്ഞു. എന്നാല്‍ വിദേശികള്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ ഇഖാമ കൈവശമുണ്ടായിരിക്കണം. ഇഖാമ കയ്യില്‍ കരുതാത്തവര്‍ക്ക് ആയിരം മുതല്‍ മുവ്വായിരം റിയാല്‍ വരെ പിഴ ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. പിഴയടച്ചാല്‍ ഇത്തരക്കാരെ മോചിപ്പിക്കുമെന്നും അബൂമില്‍ഹ വിശദീകരിച്ചു.