ഗുജറാത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഇല്ലന്നേയുള്ളൂ: പക്ഷേ ക്രിമിനലുകളും കോടീശ്വരന്മാരുമാണ്

single-img
3 December 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്മാര്‍. എന്നാല്‍ മത്സരിക്കുന്നവരില്‍ 71 ശതമാനം പേര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണുള്ളതെന്നിരിക്കെ ഇവരില്‍ 15 ശതമാനം പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

വരണാധികാരികള്‍ക്ക് നല്‍കിയ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 10 കോടിക്ക് മുകളിലും കോണ്‍ഗ്രസുകാരുടേത് 8.46 കോടി രൂപയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്രരടക്കം 923 സ്ഥാനാര്‍ഥികളുടെ വിവരങ്ങളാണ് ക്രോഡീകരിച്ചത്. ഇതില്‍ 673 പേര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂ. 2012ല്‍ 68 ശതമാനം സ്ഥാനാര്‍ഥികളാണ് സ്‌കൂളിനപ്പുറം പോകാത്തവരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എണ്ണം കൂടിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്‌കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് എതിരേ മത്സരിക്കുന്ന ഇന്ദ്രനീല്‍ രാജ്യഗുരുവാണ് ഏറ്റവും ധനികന്‍. 141 കോടി രൂപയാണ് ഈ കോണ്‍ഗ്രസുകാരന്റെ സ്വത്ത്. ശതകോടീശ്വരന്മാര്‍ നാലു പേര്‍ മത്സരിക്കാനുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് സീറ്റുകൊടുക്കുന്ന കാര്യത്തില്‍ എല്ലാവരും ദരിദ്രരാണ്. ആകെ 57 സ്ത്രീകളാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസില്‍ അഞ്ച് ശതമാനവും ബി.ജെ.പി.യില്‍ ഏഴ് ശതമാനവും മാത്രമാണ് വനിതകള്‍ മത്സരിക്കുന്നത്. ജാതി, മത പരിഗണനകളും വിജയസാധ്യതയും മാത്രം പരിഗണിക്കുന്നതിനാലാണ് വിദ്യാഭ്യാസം ഒരു മാനദണ്ഡമാകാത്തത് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐ.ഐ.എം. മുന്‍ പ്രൊഫസര്‍ ജഗദീപ് ഛോക്കറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു. സാക്ഷരതയുടെ കാര്യത്തില്‍ 2011ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് രാജ്യത്ത് 18ാം സ്ഥാനത്താണ്(79.13 ശതമാനം).

അതേസമയം സ്ഥാനാര്‍ഥികളില്‍ 15 ശതമാനം ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. ഇതില്‍ 51 കോണ്‍ഗ്രസുകാരും 32 ബി.ജെ.പി.ക്കാരും ഉള്‍പ്പെടും. നര്‍മദയിലെ ദഡിയാപാദയില്‍ മത്സരിക്കുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രതിനിധി മഹേഷ് വസാവയുടെ പേരില്‍ കൊലക്കുറ്റമടക്കം 24 കേസുകളുണ്ട്.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും സ്റ്റേ ചെയ്തിരിക്കകയാണ്. ശരദ് യാദവ്പക്ഷ ജെ.ഡി.യു.വിന്റെ ആക്ടിങ് പ്രസിഡന്റും ഝഗാഡിയയിലെ സ്ഥാനാര്‍ഥിയുമായ ഛോട്ടു വസാവയുടെ മകനാണ് മഹേഷ്. കോണ്‍ഗ്രസുമായി സഖ്യമുള്ള ഇവര്‍ ബി.ടി.പി.യുടെ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇതേപാര്‍ട്ടിയുടെ സൂറത്തിലെ മാംഗ്രോള്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഉത്തം വസവ ജയിലില്‍ നിന്നാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഗാന്ധിധാമിലെ സ്ഥാനാര്‍ഥി കിഷോര്‍ പിംഗോളിനെതിരേ പീഡനക്കേസാണുള്ളത്. രാജ്‌കോട്ടിലെ ഗോണ്ടാളിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഗീതാബെന്നിനെതിരേ കേസില്ല. പക്ഷേ, ഭര്‍ത്താവും സിറ്റിങ് എം.എല്‍.എ.യുമായ ജയരാജ്‌സിങ് ജഡേജ ഒരാളെ വെടിവെച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെയാണ് ഭാര്യയ്ക്ക് പാര്‍ട്ടി സീറ്റുകൊടുത്തത്.