ഇനി ഗ്രൂപ് അഡ്മിന്‍ മനസ്സുവെക്കണം: എങ്കിലെ വാട്‌സ് ആപ്പില്‍ മെസേജയക്കാന്‍ പറ്റൂ

single-img
3 December 2017

സാന്‍ഫ്രാന്‍സിസ്‌കോ: ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഫീച്ചറുകളുമായി വാട്‌സ്ആപ് എത്തുന്നു. പുതിയ 2.17.430 വേര്‍ഷനില്‍ ഗ്രൂപ് അഡ്മിന്‍ മനസ്സുവെച്ചാല്‍ മാത്രമേ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കൂ. റെസ്ട്രിക്റ്റഡ് ഗ്രൂപ്‌സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.

ടെക്സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജി.ഐ.എഫുകള്‍, ഡോക്യുമെന്റുകള്‍, വോയ്‌സ് സന്ദേശങ്ങള്‍ ഇവയെല്ലാം ഗ്രൂപ്പില്‍ അയക്കണമെങ്കില്‍ അഡ്മിന്റെ സമ്മതം വേണം. വാട്‌സ്ആപിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്തവര്‍ക്കു മാത്രമേ ‘നിയന്ത്രിത ഗ്രൂപ്’ സൗകര്യം ലഭ്യമാകൂ.

അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് സാധാരണപോലെ സന്ദേശങ്ങള്‍ അയക്കുകയും അതിലെ അംഗങ്ങളെ നിയന്ത്രിക്കുകയും ചെയ്യാം. ഒരിക്കല്‍ അംഗത്തെ വിലക്കിയാല്‍പോലും ഗ്രൂപ് അഡ്മിന് ഇവരുടെ മെസേജുകള്‍ വായിക്കാന്‍ സാധിക്കും. കൂടാതെ മറ്റംഗങ്ങള്‍ക്ക് സന്ദേശങ്ങള്‍ ലഭ്യമാക്കണമെന്ന് തോന്നിയാല്‍ അഡ്മിന് സന്ദേശങ്ങള്‍ ഗ്രൂപില്‍ ഷെയര്‍ ചെയ്യുകയുമാകാം.

72 മണിക്കൂര്‍ മാത്രമേ അംഗങ്ങളുടെ മെസേജുകള്‍ അഡ്മിന് നിയന്ത്രിക്കാന്‍ സാധിക്കൂ. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.

ഇതിനു പുറമെ മറ്റു പുതിയ ഫീച്ചറുകളും പുതിയ വേര്‍ഷനിലുണ്ടാകും. അടുത്തുതന്നെ പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.