മത്സരത്തിനിടെ പുകമഞ്ഞ് വില്ലനായി: കോഹ്ലിയുടെ നല്ല മനസ്സിന് കയ്യടിച്ച് ശ്രീലങ്കന്‍ താരങ്ങള്‍

single-img
3 December 2017

ന്യൂഡല്‍ഹി: ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ വില്ലനായി പുകമഞ്ഞ്. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്.

ഇതോടെ താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചന്ദിമല്‍ അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മത്സരം പുനരാരംഭിച്ചത്.

മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബൗളറായ സുരംഗ ലക്മല്‍ പൊടി സഹിക്കാനാവാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അപ്പോള്‍ 10 പേരുമായി കളിച്ച ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിക്കുകയും ചെയ്തു. ഇതിനു ശേഷം വിരാട് കോഹ്‌ലി 243 റണ്‍സില്‍ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിംഗ്‌സ് ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

കോഹ്ലി തീരുമാനം അറിയിച്ചതോടെ ലങ്കന്‍ താരങ്ങള്‍ കയ്യടിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് നവംബറില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ച അടച്ചിടുകയും ചെയ്തിരുന്നു.

മികച്ച സ്‌കോര്‍

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴിന് 536 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിലേ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ് ലങ്ക. റണ്ണൊന്നുമെടുക്കാതെ കരുണരത്‌നയും ഒരു റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് പുറത്തായത്. മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കുമാണ് വിക്കറ്റ് ലഭിച്ചത്.

വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 287 പന്തില്‍ 25 ബൗണ്ടറിയുടെ അകമ്പടിയോടെ 243 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി. തുടര്‍ച്ചയായി രണ്ടാമത്തെയും കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്‌ലി ഫിറോസ്ഷാ കോട്‌ലയില്‍ പൂര്‍ത്തിയാക്കിയത്.

കോഹ്‌ലിയുടെതുള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് ഇന്ന് ശ്രീലങ്ക വീഴ്ത്തിയത്. രോഹിത് ശര്‍മ 65 റണ്‍സും ആര്‍. അശ്വിന്‍ 4 റണ്‍സും എടുത്ത് മടങ്ങി. ശ്രീലങ്കയുടെ ചൈനാമാന്‍ ബൗളര്‍ ലക്ഷന്‍ സന്ദകന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ള്‍വെല്ലയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു രോഹിതിന്റെ പുറത്താകല്‍.

ഗാമേജിന്റെ പന്തില്‍ തിസാര പെരേരയ്ക്ക് ക്യാച്ച് നല്‍കി അശ്വിനും പുറത്തായി. ഇന്ത്യന്‍ നിരയില്‍ വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകാതെ നിന്നു. ഓപ്പണര്‍ മുരളി വിജയ് ആദ്യ ദിനം നേടിയ സെഞ്ചുറിയും വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു തുണയായി. 267 പന്തില്‍ 155 റണ്‍സെടുത്താണു മുരളി വിജയ് ആദ്യദിനം മടങ്ങിയത്. ശിഖര്‍ ധവാന് (23), ചേതേശ്വര്‍ പൂജാര (23), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

 

 

വിരാട് കോഹ്‌ലി ഇരട്ട സെഞ്ചുറിയുടെ ആറാം തമ്പുരാന്‍

തകര്‍പ്പന്‍ ഫോമില്‍ തിളങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ലങ്കന്‍ ബൗളര്‍ സുരംഗ ലക്മലിന്റെ പന്തില്‍ ഡബിളെടുത്ത് ഡബിള്‍ സെഞ്ചുറിയിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന് മുന്നില്‍ ഒരുപിടി റെക്കോഡുകളും ഇതോടെ വഴിമാറി.

ആറു ഇരട്ടസെഞ്ചുറി അക്കൗണ്ടിലുള്ള ഏക ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്. നേരത്തെ നാഗ്പുരില്‍ ഡബിള്‍ അടിച്ചപ്പോള്‍ തന്നെ ബ്രയാന്‍ ലാറയുടെ അഞ്ചു സെഞ്ചുറിയെന്ന റെക്കോഡിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റനെത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഇരട്ടസെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പമെത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞു. ഇതോടെ അഞ്ച് ഇരട്ടസെഞ്ചുറിയുള്ള ദ്രാവിഡ് കോഹ്‌ലിക്ക് പിന്നിലായിപ്പോകുകയും ചെയ്തു.

തുടര്‍ച്ചയായി രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തെ നാലാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. രണ്ടാമത്തെ ഇന്ത്യക്കാരനും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്‌ലി അതിനെടുത്തത് 350 ഇന്നിങ്‌സാണ്. ഇത്രയും വേഗത്തില്‍ 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോഡും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിനൊപ്പം ചേര്‍ന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലുള്ള 378 ഇന്നിങ്‌സെന്ന റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്.
ഒപ്പം ടെസ്റ്റില്‍ 5000 റണ്‍സും പൂര്‍ത്തിയാക്കിയ ഇരുപത്തിയൊമ്പതുകാരന്‍ വേഗത്തില്‍ 5000 ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി.

105 ഇന്നിങ്‌സാണ് ഇതിനായി കോഹ്‌ലിയെടുത്തത്. കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സും കോഹ്‌ലി പൂര്‍ത്തിയാക്കി. ഇതിന് മുമ്പ് എം.എസ് ധോനിയും സുനില്‍ ഗവാസ്‌ക്കറും മാത്രമേ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ് പിന്നിട്ടിട്ടൂള്ളു.

ഈ വര്‍ഷം ബംഗ്ലാദേശിനെതിരെ 204, 2016ല്‍ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലന്‍ഡിനെതിരെ 211, വെസ്റ്റിന്‍ഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യന്‍ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങള്‍. ആന്റിഗ്വയില്‍ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്‌ലി നേടിയത് ഇന്ത്യന്‍ മണ്ണിലാണെന്നതും ശ്രദ്ധേയം.