അബിയുടെ വീട്ടില്‍ ദിലീപ് എത്തി: ഒന്നും മിണ്ടാതെ ഷെയ്ന്‍ നിഗം

single-img
3 December 2017

മൂവാറ്റുപുഴ: ഉറ്റചങ്ങാതിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ നടന്‍ ദിലീപ് അബിയുടെ വീട്ടിലെത്തി. അബിയുടെ മരണസമയത്ത് ദുബായിലായിരുന്ന ദിലീപ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.

അബിയുടെ ഭാര്യയേയും മക്കളേയും കണ്ട ദിലീപ് അവരെയെല്ലാം ആശ്വസിപ്പിച്ചു. ദിലീപെത്തുമ്പോള്‍ അബിയുടെ മകനും യുവനടനുമായ ഷെയ്ന്‍ നിഗവും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ദിലീപിനോട് ഷെയിന്‍ സംസാരിച്ചില്ല. ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു ഷെയിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയതിന് ശേഷം നടന്‍ ദിലീപിന്റെ പേരില്‍ വന്ന ആരോപണങ്ങളില്‍ ഒന്ന് അബിയുടെ അവസരം തട്ടിയെടുത്തു എന്നതായിരുന്നു. ദിലീപിനെ നായകനാക്കി സുനില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മാനത്തെ കൊട്ടാരം.

1994 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ദിലീപിനൊപ്പം നാദിര്‍ഷ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗതി എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിച്ചിരുന്നു. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് മിമിക്രി താരം അബിയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മാനത്തെ കൊട്ടാരത്തില്‍ നായകനായി അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അബിയെ സിനിമയില്‍ നിന്നും ദിലീപ് ഒഴിവാക്കുകയായിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടി അബിയുടെ നായക വേഷം തട്ടിയെടുത്തത് മുതല്‍ തുടങ്ങുന്നതാണ് ദിലീപിന്റെ ചതികളുടെ തുടക്കമെന്നായിരുന്നു സിനിമാ ലോകത്തെ അണിയറില്‍ നിന്നുള്ള സംസാരം. എന്നാല്‍ ഇപ്പോള്‍ ദിലീപിനോടുള്ള ഷെയ്‌നിന്റെ മൗനത്തിന് കാരണവും ഇതുതന്നയാണെന്നാണ് സൂചന.

മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുകളായിരുന്നു ദിലീപും നാദിര്‍ഷയും അബിയും. മൂവരും ചേര്‍ന്ന് നാദ് കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ ഓഡിയോ കാസറ്റ് കമ്പനിയും നടത്തിയിരുന്നു. ദിലീപ്, അബി, നാദിര്‍ഷ കൂട്ടുകെട്ടില്‍ പിറന്ന ദേ മാവേലി കൊമ്പത്ത് എന്ന കാസെറ്റ് പരമ്പര വന്‍ ഹിറ്റ് ആയിരുന്നു. സൈന്യം, രസികന്‍ എന്നീ ചിത്രങ്ങളില്‍ അബിയും ദിലീപും ഒന്നിച്ചഭിനയച്ചിരുന്നു.