സിനിമയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു; പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം: വെളിപ്പെടുത്തലുമായി ബാബു ആന്റണി

single-img
3 December 2017


ഒരുകാലത്ത് മലയാളികളുടെ ഹരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ ചിത്രങ്ങളിലൂടെ ഇത്രയേറെ ആരാധകരെ നേടിയ മറ്റൊരു താരം ഉണ്ടായിരുന്നില്ല അക്കാലത്ത്. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഹരമായി മാറിയ താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒരു സ്ത്രീ കാരണമാണ് അത്തരമൊരു അവസ്ഥയിലേക്ക് താന്‍ എത്തിയെന്ന വെളിപ്പെടുത്തലുമായാണ് ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുന്നത്.

അവരുടെ പേര് താന്‍ വെളിപ്പെടുത്തുന്നില്ല. അതാരാണെന്ന് മലയാള സിനിമയെ കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയാവുന്ന എല്ലാവര്‍ക്കുമറിയാമെന്നും സിനിമയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ബാബു ആന്റണി പറയുന്നു.

ഇന്നത്തപ്പോലെയായിരുന്നില്ല അന്ന്, പറഞ്ഞത് കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു. പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്.

കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയതെന്നും താരം പറഞ്ഞു. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ താനൊറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ.

ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാവാതെ പോവുകയായിരുന്നു. സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. തന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകുമെന്നും ബാബു ആന്റണി പറഞ്ഞു.

ചന്തയും ഉപ്പുകണ്ടം ബ്രദേഴ്‌സും പോലുള്ള കോരിത്തരിപ്പിക്കുന്ന ഒരു ആക്ഷന്‍ ചിത്രം ഉടനുണ്ടാകുമെന്നും ബാബു ആന്റണി വ്യക്തമാക്കി. കായംകുളം കൊച്ചുണ്ണിയിലൂടെ നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.