ജയലളിതയുടെ പിൻഗാമിയാകാൻ ഒരുങ്ങി നടൻ വിശാൽ: രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത എന്‍ട്രി

single-img
2 December 2017

ചെന്നൈ: കമല്‍ഹാസനോ രജനികാന്തോ ആരാവും ആദ്യം രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്ന ചര്‍ച്ച പൊടിപൊടിക്കുമ്പോള്‍ തമിഴ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് മറ്റൊരു അപ്രതീക്ഷിത എന്‍ട്രി. നടനും അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയായ നടന്‍ വിശാലാണ് രാഷ്ട്രീയ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്.

നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാൽ‌ മത്സരിക്കും. ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ തീരുമാനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്വതന്ത്രനായാണു വിശാൽ മത്സരിക്കുക എന്നാണറിയുന്നത്.

നടികര്‍ സംഘം സെക്രട്ടറി സ്ഥാനത്തേക്കു പൊരുതി ജയിച്ചുകയറിയ പോരാട്ടവീര്യം ആർ‌കെ നഗറിലും ആവർത്തിക്കാമെന്നാണ് വിശാലിന്റെ പ്രതീക്ഷ. അധികാരമുണ്ടെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി ഇടപെടലുകൾ നടത്താന്‍ കഴിയൂ എന്ന ചിന്തയാണ് വിശാലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ. നഗർ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഡിസംബർ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ശക്തമായ ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും അതിന് വിപരീതമായി വിശാലാണ് രാഷ്‌ട്രീയക്കുപ്പായമണിയാൻ ഒരുങ്ങുന്നത്.

ഇ.മധുസൂദനനാണ് എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർത്ഥി. മുരുഡു ഗണേഷ് ഡി.എം.കെയ്‌ക്ക് വേണ്ടി മത്സരിക്കും.തിങ്കളാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ജയലളിത പിന്നീട് ജയില്‍മോചിതയായശേഷം ആര്‍.കെ.മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടിന്റെ പടുകൂറ്റന്‍ ഭൂരിപക്ഷത്തിനാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. എതിരാളിയായിരുന്ന സി.പി.ഐ. സ്ഥാനാര്‍ഥിക്ക് കേവലം പതിനായിരം വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ഡി. എം.കെയുടെ ഷിംല മുത്തുച്ചോഴനെയാണ് തോല്‍പിച്ചത്.