‘കണികാണും നേരം കമലാനേത്രന്റെ…’: മലയാളികളെ വീണ്ടും അദ്ഭുതപ്പെടുത്തി ധോണിയുടെ മകള്‍ സിവ

single-img
2 December 2017

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളെ ഞെട്ടിച്ച കുഞ്ഞുതാരമാണ് മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവ.

‘കണികാണും നേരം കമലാനേത്രന്റെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവരുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ. എങ്കിലും വന്‍ ആവേശത്തിലാണ് പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടിത്തീര്‍ത്ത്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കടുത്ത കൃഷ്ണ ഭക്തരായ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും താത്പര്യപ്രകാരമാണ് അവര്‍ കുഞ്ഞു സിവയെ കണ്ണന്റെ പാട്ട് പഠിപ്പിച്ചതെന്നും പറഞ്ഞ് കേട്ടിരുന്നു.