സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

single-img
2 December 2017

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി സൂചന. സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ആലോചനയെന്നാണ് വിവരം.

സൗദി തൊഴില്‍ മന്ത്രാലയവുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസ്സാമി പറഞ്ഞു. നിബന്ധന കൂടാതെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വര്‍ധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തല്‍.

കുവൈത്ത് പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ കര്‍ശന മാനദണ്ഡങ്ങള്‍ സൗദിയിലും നടപ്പാക്കണമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിലപാട്.

അതേസമയം തുടര്‍ച്ചയായി മൂന്നാം മാസവും സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ കഴിഞ്ഞ മാസം നാട്ടിലേക്കയച്ചത് 1220 കോടി റിയാലാണ്. സ്വദേശിവത്കരണം ശക്തമായത് പ്രവാസി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

1280 കോടി രൂപയാണ് ഒക്ടോബറില്‍ പ്രവാസികള്‍ നാട്ടിലയച്ചത്. ഈ മാസം 60 കോടി റിയാലിന്റെ കുറവുണ്ടായി. സെപ്തംബര്‍ മുതല്‍ ഓരോ മാസവും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഗണ്യമായ കുറവുണ്ട്. ഓരോ മാസത്തിലും 60 മുതല്‍ 200 കോടി റിയാലിന്റെ വരെ കുറവുണ്ടായി.

സ്വദേശിവത്കരണത്തിന്റെ പ്രധാന ഘട്ടം തുടങ്ങിയ സെപ്തംബറില്‍ 854 കോടി റിയാല്‍ മാത്രമാണ് പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കയച്ചത്. സര്‍ക്കാര്‍ കണക്ക് പ്രകാരം സൗദിയില്‍ 122 ലക്ഷം പ്രവാസികളുണ്ട്. രാജ്യ ജനസംഖ്യയുടെ 37 ശതമാനമാണിത്.

പ്രവാസികളുടെ വരുമാനം കുറഞ്ഞെങ്കിലും സൗദി സ്വദേശികളുടെ ശമ്പളം കൂടിയിട്ടുണ്ട്. സെപ്തംബറിനെ അപേക്ഷിച്ച് 68 ശതമാനം വര്‍ധനവുണ്ട്. വരും മാസങ്ങളിലും പ്രവാസികളുടെ സമ്പാദ്യത്തില്‍ കുറവുണ്ടായേക്കും. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് പടരുന്ന സാഹചര്യത്തിലാണിത്.

ഇതിനിടെ സൗദിയില്‍ വീട്ടുവേലക്കാര്‍ ഒളിച്ചോടിയതായി രേഖപ്പെടുത്താന്‍ നാല് നിബന്ധനകള്‍ നിര്‍ബന്ധമാക്കി. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റേതാണ് നടപടി. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് നടപടി.

തൊഴിലാളി ഒളിച്ചോടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാര്‍ ജവാസാത്തിന് നല്‍കുന്ന റിപ്പോട്ടാണ് ഹുറൂബ്. ഹുറൂബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കന്നതോടെ തൊഴിലാളി നിയമവിരുദ്ധനാകും. പിന്നീട് അറസ്റ്റ് വരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് പ്രധാന വഴി. വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ നാല് നിബന്ധനകള്‍.

ഒന്ന്. തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡ് അഥവാ ഇഖാമക്ക് കാലാവധിയുള്ളതായിരിക്കണം. രണ്ട്. ഒരു ജോലിക്കാരനെക്കുറിച്ച് ഒരു തവണ മാത്രം ഓണ്‍ലൈന്‍ വഴി ഹുറൂബ് രേഖപ്പെടുത്തുക, മൂന്ന്. അബ്ഷിര്‍ വഴി ഹുറൂബ് റദ്ദ് ചെയ്യാതിരിക്കുക. നാല്. തൊഴിലാളി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കപ്പെട്ടവനല്ലാതിരിക്കുക. ഇവയാണ് നിബന്ധനകള്‍.

തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠനം നടത്തിയ ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഫൈനല്‍ എക്‌സിറ്റ് നല്‍കിയതിന് ശേഷം തൊഴിലുടമക്ക് വീട്ടുവേലക്കാരെ ഹുറൂബാക്കാനാവില്ലെന്നത് പ്രധാന നേട്ടമാകും.

ഹുറൂബ് രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ വഴിയോ അബ്ഷിര്‍ സംവിധാനം വഴിയോ ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു. ഹറൂബ് റദ്ദ് ചെയ്ത് വീട്ടുവേലക്കാരെ സേവനത്തില്‍ തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന തൊഴിലുടമക്ക് ജവാസാത്തിന്റെ കീഴിലുള്ള വിദേശികളുടെ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ‘വാഫിദീന്‍, ഓഫീസില്‍ 15 ദിവസത്തിനകം നേരിട്ട് ഹാജറാകണം. 15 ദിവസം പിന്നിട്ട് ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി.