സൗദിയിലെ പ്രവാസികളുടെ വരുമാനം കുറഞ്ഞു; സ്വദേശികളുടെ ശമ്പളം കൂടി: നാട്ടിലേക്കയച്ച തുകയിലും വന്‍ കുറവ്

single-img
2 December 2017

സൗദിയിലെ പ്രവാസികളുടെ വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൗദി സ്വദേശികളുടെ ശമ്പളം കൂടിയിട്ടുണ്ട്. സെപ്തംബറിനെ അപേക്ഷിച്ച് 68 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും പ്രവാസികളുടെ സമ്പാദ്യത്തില്‍ കുറവുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് പടരുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്നാം മാസവും സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ച തുകയില്‍ വന്‍ കുറവുണ്ടായതായാണ് കണക്കുകള്‍. നിയമാനുസൃത മാര്‍ഗങ്ങളിലൂടെ പ്രവാസികള്‍ കഴിഞ്ഞ മാസം നാട്ടിലേക്കയച്ചത് 1220 കോടി റിയാലാണ്. സ്വദേശിവത്കരണം ശക്തമായത് പ്രവാസി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

1280 കോടി രൂപയാണ് ഒക്ടോബറില്‍ പ്രവാസികള്‍ നാട്ടിലയച്ചത്. ഈ മാസം 60 കോടി റിയാലിന്റെ കുറവുണ്ടായി. സെപ്തംബര്‍ മുതല്‍ ഓരോ മാസവും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഗണ്യമായ കുറവുണ്ട്. ഓരോ മാസത്തിലും 60 മുതല്‍ 200 കോടി റിയാലിന്റെ വരെ കുറവുണ്ടായി.

സ്വദേശിവത്കരണത്തിന്റെ പ്രധാന ഘട്ടം തുടങ്ങിയ സെപ്തംബറില്‍ 854 കോടി റിയാല്‍ മാത്രമാണ് പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കയച്ചത്. സര്‍ക്കാര്‍ കണക്ക് പ്രകാരം സൗദിയില്‍ 122 ലക്ഷം പ്രവാസികളുണ്ട്. രാജ്യ ജനസംഖ്യയുടെ 37 ശതമാനമാണിത്.

ഇതിനിടെ സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി സൂചന. സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ആലോചനയെന്നാണ് വിവരം.

സൗദി തൊഴില്‍ മന്ത്രാലയവുമായി ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസ്സാമി പറഞ്ഞു. നിബന്ധന കൂടാതെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വര്‍ധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിലയിരുത്തല്‍.

കുവൈത്ത് പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ കര്‍ശന മാനദണ്ഡങ്ങള്‍ സൗദിയിലും നടപ്പാക്കണമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിലപാട്.