കനത്ത കാറ്റിനും മഴയ്ക്കും സാധ്യത: ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ മരണം പത്തായി

single-img
2 December 2017

ഓഖി ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തികൈവരുന്നു. അതീവ തീവ്രതയുള്ള ചുഴലിക്കൊടുങ്കാറ്റായി അത് രൂപാന്തരപ്പെടുകയാണ്. മണിക്കൂറില്‍ 140 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും കനത്ത മഴയ്ക്കും ഇത് ഇടയാക്കും. വരുന്ന 24 മണിക്കൂര്‍കൂടി ലക്ഷദ്വീപ് ഇതിന്റെ പിടിയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിനും ലക്ഷദ്വീപിനും ഇടയിലുള്ള കടല്‍ വളരെ പ്രക്ഷുബ്ധമായിരിക്കും. കടലാക്രമണം തുടരും. വരുന്ന 48 മണിക്കൂര്‍കൂടി കേരളത്തിന്റെ തീരത്തു നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്. തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണം.

‘ഓഖി’ ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ഇന്നു മൂന്നുപേര്‍ക്കൂടി മരിച്ചതോടെ കേരളത്തില്‍ മരണം പത്തായി. ശക്തമായ കാറ്റില്‍ കണ്ണൂര്‍ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു ആയിക്കരയിലെ പവിത്രന്‍(50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സന്‍ (45) എന്നിവരാണ് മരിച്ചത്.

അതിനിടെ, കടലില്‍നിന്ന് നാവികസേന ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തമിഴ്‌നാട്ടിലും മരണം ഏഴായി. അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക ലഭിക്കും. 400 പേരെ രക്ഷപ്പെടുത്തി. 138 പേര്‍ ലക്ഷദ്വീപില്‍. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ്. തിര ശക്തമായതിനെ തുടര്‍ന്ന് കൊല്ലം നീണ്ടകരയില്‍ നിന്ന് 300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി തീരദേശത്ത് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രാവിലെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11.30ഓടെയും വലിയ തിരമാലയ്ക്ക് സാധ്യതയുണ്ട്. ആറ് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല ഉയര്‍ന്നേക്കാം. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാകും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.