മോദിയോട് ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

single-img
2 December 2017

ബിജെപി സര്‍ക്കാര്‍ ഗുജറാത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ചോദ്യങ്ങള്‍ എന്ന പേരില്‍ ട്വിറ്ററിലാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവാക്കുന്ന കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് 26–ാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്.

സംസ്ഥാനത്തെ കുട്ടികള്‍ എന്ത് തെറ്റാണ് ബിജെപി സര്‍ക്കാരിനോട് ചെയ്തത്. സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസം വാണിജ്യവത്കരിക്കുകയുമാണ് മോദി ചെയ്യുന്നത്. ഈ അവസ്ഥയില്‍ എങ്ങനെയാണ് പുതിയ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയെന്നും രാഹുല്‍ ചോദിച്ചു.

‘ഗുജറാത്തില്‍ 22 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി നല്‍കേണ്ട ഉത്തരങ്ങള്‍’ എന്ന പേരില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ വിമര്‍ശനങ്ങള്‍. സ്വകാര്യ കമ്പനികളില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിമര്‍ശിച്ചു.

50 ലക്ഷം പുതിയ വീടുകള്‍ ഗുജറാത്തില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി സര്‍ക്കാര്‍ വെറും 4.72 ലക്ഷം വീടുകളാണ് അഞ്ചു വര്‍ഷമെടുത്ത് നിര്‍മിച്ചതെന്നും രാഹുല്‍ ആരോപിച്ചു.