ചുഴലിക്കാറ്റില്‍ ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വൈകിയെത്തിയതും പോരാഞ്ഞ് ‘ബഡായി’ പറച്ചിലും: എംഎല്‍എ മുകേഷിനെ നാട്ടുകാര്‍ ശരിക്കും ‘അന്തസ് വേണമെടാ അന്തസ്’ പഠിപ്പിച്ചു

single-img
2 December 2017

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന സി.പി.എം എംഎല്‍എ മുകേഷിനെതിരെ പ്രതിഷേധം ശക്തം. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു. എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്.

എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. എന്നാല്‍ ”നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശ രൂപേണ പരിഹാസം കലര്‍ന്ന മറുപടിയായിരുന്നു മുകേഷിന്റേത്. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു.

എംഎല്‍എയെ തെറി വിളിച്ചു കൊണ്ട് തന്നെയായിരുന്നു ഇവരുടെ പ്രതികരണം. കാര്യം കൈവിട്ടു പോകുന്നു എന്നു തോന്നിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎല്‍എക്ക് സ്വന്തം മണ്ഡലത്തില്‍ എത്താന്‍ സാധിക്കാതെ പോയതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ തിരക്കിലായിരുന്നു മുകേഷ്. മണ്ഡലത്തില്‍ മഴക്കെടുതി തുടങ്ങിയപ്പോഴും അദ്ദേഹം അവിടെയായിരുന്നു. ഇതിനിടെ നടന്‍ അബി അന്തരിച്ച വാര്‍ത്ത അറിഞ്ഞ് ബഡായി ബംഗ്ലാവ് ടീം മുഴുവന്‍ അബിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു മുകേഷ് അടക്കമുള്ളവര്‍ അബിയെ സന്ദര്‍ശിച്ചത്. അതിന് ശേഷമാണ് അദ്ദേഹം മണ്ഡലത്തില്‍ എത്തിയതും.