ട്രംപ് മോദിയെ ഫോണില്‍ വിളിച്ചു: സംരഭകത്വ ഉച്ചകോടിയില്‍ പൂര്‍ണ തൃപ്തിയറിയിച്ചു

single-img
2 December 2017

വാഷിങ്ടണ്‍: ഹൈദരാബാദില്‍ നടന്ന ഗ്ലോബല്‍ എന്റര്‍പ്രനര്‍ഷിപ്പ് സമ്മിറ്റിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് ഉച്ചകോടിയില്‍ സംതൃപ്തി അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷണല്‍ സെന്ററിലാണ് 500 വനിതാ സംരംഭകരെ ഉള്‍പ്പെടുത്തി എട്ടാമത് അന്താരാഷ്ട്ര സംരഭകത്വ ഉച്ചകോടി നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപായിരുന്നു ഉച്ചകോടിയുടെ മുഖ്യാതിഥി.

നവംബര്‍ 28ന് നടന്ന ചടങ്ങില്‍ ഇവാന്‍കയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ പങ്കെടുത്തിരുന്നു. അതീവ സുരക്ഷയാണ് ഇവാന്‍കയുടെ വരവിനോട് അനുബന്ധിച്ച് ഹൈദരാബാദ് നഗരത്തില്‍ സജ്ജീകരിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമുള്ള ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിയില്‍ ഇവാന്‍കയ്ക്ക് വേണ്ടി മോദി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങളാണ് ഇതില്‍ വിളമ്പിയത്.